കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടക്കുകയായിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ഒളിച്ചുകഴിയുകയായിരുന്ന ആലപ്പുഴയിലെ ഗുണ്ടാ സംഘം പിടിയിൽ (Goons Arersted). കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനു (Temper Binu) ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടക്കുകയായിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്.
സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസിൽ വിവരം അറിയിച്ചത്. ബിനുവിനെയും കൂട്ടാളികളെയും ഇന്ന് തന്നെ ആലപ്പുഴ പൊലീസിന് കൈമാറും. ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നിൽ വ്യക്തി വിരോധമാണ് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലയിൽ കനത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്.
വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ആവർത്തിക്കുന്നു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്ന സമയത്ത് ഏർപ്പെടുത്തിയിരുന്ന കനത്ത സുരക്ഷയ്ക്കിടെയുണ്ടായ ഗുണ്ടാ ആക്രമണം പൊലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ പൊലീസ് പിടിയിൽ
പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിലും ഇന്ന് നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായിരുന്നു. ഫൈസൽ , റിയാസ് , ആഷിഖ് . നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരെ പോത്തൻകോട് പൊലീസിന് കൈമാറി.
തിരുവനന്തപുരം പോത്തൻകോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കാർ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
