കോഴിക്കോട്: ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഭൂമി ഇടപാടിൽ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി അന്വേഷണ സംഘം എടുത്തു. ബാലുശ്ശേരിയിലെ വീട്ടിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. ഇപ്പോൾ കോഴിക്കോട് ലാൻഡ് അക്വിസിഷൻ തഹസിൽദാരാണ് ജയശ്രീ. 

അതേസമയം, റോയിയുടെ മരണത്തിൽ അന്ന് അസ്വാഭാവികത തോന്നിയില്ലെന്ന് കേസന്വേഷിച്ച എസ്ഐ വി രാമനുണ്ണി വ്യക്തമാക്കി. ബന്ധുക്കളിൽ ആരും അന്ന് പരാതി പറഞ്ഞില്ല. 2012-ൽ താൻ അവിടെ നിന്ന് സ്ഥലം മാറിപ്പോയെന്നും രാമനുണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

''റോയിയുടെ മരണം നടന്നപ്പോൾ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെക്കുറിച്ചെങ്കിലും ഇപ്പോൾ പരാതി നൽകിയവർ സൂചന തരണമായിരുന്നു. അങ്ങനെയെങ്കിൽ ഈ കേസ് ഇങ്ങനെ തീർന്നുപോകില്ലായിരുന്നെന്ന വിശ്വാസക്കാരനാണ് ഞാൻ. അങ്ങനെയെങ്കിൽ അതനുസരിച്ച് എനിക്ക് മേലുദ്യോഗസ്ഥരോട് അക്കാര്യങ്ങൾ ചോദിച്ച് തീരുമാനമെടുക്കാമായിരുന്നു. ടിവിയിൽ അഭിമുഖം നൽകിയ റോയിയുടെ സഹോദരിയും സഹോദരനും വിദേശത്തായിരുന്നു. അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാനൊന്നും എനിയ്ക്ക് കഴിഞ്ഞിരുന്നില്ല. 

ഇപ്പോൾ ഒടുവിൽ ജോളി ഒസ്യത്ത് കൃത്രിമമായി ഉണ്ടാക്കിയെന്നും അതിലുണ്ടായ സംശയമാണ് ഈ മരണത്തെക്കുറിച്ചുള്ള പരാതിയിലെത്തിച്ചതെന്നാണ് എന്‍റെ അറിവ്. അതിന് മുമ്പ് ബന്ധുക്കൾക്ക് പോലും ഇത്തരം പരാതികളുണ്ടായിരുന്നില്ല എന്നാണ് അറിവ്'', രാമനുണ്ണി പറയുന്നു.