ഡോക്ടറെ ബലംപ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ട അക്രമികള്‍ ഇയാളുടെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. 

പട്ന: ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാല്‍സംഗം ചെയ്തു. ബിഹാറിലെ ഗയ ജില്ലയിലാണ് ആയുധധാരികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അമ്മയെയും പതിനഞ്ചുകാരിയായ മകളയും ക്രൂരമായി പീഡിപ്പിച്ചത്. 

സോന്ധിയ ഗ്രാമത്തിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ജോലിക്ക് ശേഷം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് ആയുധങ്ങളുമായെത്തിയ ഒരു കൂട്ടം ആളുകള്‍ ഇവരെ തടഞ്ഞു. ഡോക്ടറെ ബലംപ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ട ഇവര്‍ ഇയാളുടെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികള്‍ കവര്‍ന്നെന്നും പൊലീസ് പറഞ്ഞു.

സംഭവം പൊലീസില്‍ അറിയിക്കരുതെന്ന് പറഞ്ഞ് അക്രമികള്‍ ഡോക്ടറെ വിലക്കിയെങ്കിലും ഇവര്‍ പോയ ശേഷം ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കൃത്യം നടത്തിയെന്ന് സംശയിക്കുന്ന 20 പേരെ കസ്റ്റഡിയിലെടുത്തു.