Asianet News MalayalamAsianet News Malayalam

'ചങ്ങായീസ് തട്ടുകട'യിൽ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു, ജീവനക്കാർക്കും മർദ്ദനം

അക്രമം നടത്തിയ സംഘം മൂന്നുപേരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞെന്നും പരാതി.

group of people attacked kozhikode hotel changayees thattukada joy
Author
First Published Mar 21, 2024, 8:50 PM IST

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ 'ചങ്ങായീസ് തട്ടുകട' എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ ആക്രമണമുണ്ടായത്. ഹോട്ടല്‍ ഉടമ എരഞ്ഞിക്കല്‍ സ്വദേശി കോലാടി തെക്കയില്‍ വീട്ടില്‍ ബൈജു(44), ജീവനക്കാരും അതിഥി തൊഴിലാളികളുമായ ആകാശ് (30), ചന്ദന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മൂന്ന് പേരെയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അക്രമം നടത്തിയ സംഘം മൂന്നുപേരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞെന്നും പരാതിയില്‍ പറയുന്നു. രാത്രിയില്‍ ജീപ്പിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ജീവനക്കാരോട് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് കണ്ട് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ബൈജു പറഞ്ഞു. ബൈജുവിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചെവിക്കും പരുക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആകാശ്, ചന്ദന്‍ എന്നിവര്‍ക്കും മുഖത്ത് തന്നെയാണ് പരുക്കേറ്റത്. 

അതേസമയം, ആക്രമണം നടക്കുമ്പോള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിലും സ്ഥലത്തെത്തിയില്ലെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരെ മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇവര്‍ എത്തിയ ജീപ്പില്‍ തന്നെ വെങ്ങാലി മേല്‍പ്പാലം വഴി എലത്തൂര്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'സത്യഭാമയ്‌ക്കൊരു മറുപടി, ഇത് യുഗം വേറെയാണ്...'; വിമര്‍ശനവുമായി നടന്‍ മണികണ്ഠനും 
 

Latest Videos
Follow Us:
Download App:
  • android
  • ios