കോട്ടയം ബിജെപി പ്രാദേശിക നേതാവ് പ്രതിയായ കോട്ടയത്തെ അനധികൃത തോക്ക് നിര്‍മ്മാണ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും എത്തുന്നു. വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം നടക്കുന്നത്. അനധികൃതമായി നിര്‍മിച്ച തോക്കുകള്‍ വിഘടന പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി എത്തുന്നത്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്ടയം പള്ളിക്കത്തോട് നിന്ന് ബിജെപി പ്രാദേശിക നേതാവടക്കം 11 പേരെ അനധികൃത തോക്ക് നിര്‍മ്മാണത്തിന് പിടികൂടിയത്. 
ആറ് റിവോള്‍വറുകള്‍, ഒരു നാടന്‍ തോക്ക്, 40 ബുള്ളറ്റുകള്‍, തോക്കുകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് പിടികൂടിയത്. അഞ്ച് റിവോള്‍വറുകള്‍ കണ്ടെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. താക്കുകള്‍ വിഘടന പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ 11 പ്രതികളേയും ചോദ്യം ചെയ്തു. നായാട്ടിനും സ്വയം സുരക്ഷയ്ക്കുമാണ് തോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതെന്നാണ് പ്രതികള്‍ പറയുന്നത്.

11 പേരെ അറസ്റ്റ് ചെയ്തതില്‍ 4 പേര്‍ തോക്ക് നിര്‍മ്മാണം നടത്തുന്നവരും ഒരാള്‍ വെടിമരുന്ന് വിറ്റയാളും 6 പേര്‍ തോക്ക് വാങ്ങിയവരുമാണ്.തോക്ക് വാങ്ങി വീട്ടില്‍ വച്ച ശേഷം സിംഗപ്പൂരിലേക്ക് പോയ രണ്ട് പേരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പതികള്‍ 15 വര്‍ഷത്തിലേറെയായി തോക്ക് നിര്‍മ്മാണം നടത്തുന്നവാരണെന്ന് സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് നിരവധി പേര്‍ക്ക് തോക്ക് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണം സംഘം പറയുന്നു.

10000 മുതല്‍ 30000 രൂപയ്ക്ക് വരെയാണ് തോക്ക് വിറ്റിരുന്നത്. ബിജെപി പ്രവര്‍ത്തകനായ കെഎന്‍ വിജയനാണ് തോക്ക് നിര്‍മ്മാണ സംഘത്തിലെ ഒരാള്‍. കാട്ടയം ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈസ്പി ജെ സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.