Asianet News MalayalamAsianet News Malayalam

എഎസ്ഐയുടെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകൾ പിടിയിൽ, ഒരാൾ കായലിൽ ചാടി രക്ഷപ്പെട്ടു

പൊലീസിനെ കണ്ട് കായലില്‍ ചാടി നീന്തി രക്ഷപ്പെട്ട മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കൊച്ചനിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. 

gunda attack at the house of asi in kollam
Author
Kollam, First Published Sep 17, 2019, 10:09 PM IST

കൊല്ലം: ചവറ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് മൂന്നു പേര്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ കൊച്ചനി എന്ന ആൾ പൊലീസിന്‍റെ കൈയില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെട്ടു.

ബാറിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ട കൊച്ചനിയെയും സഹോദരിയുടെ മകനെയും കഴിഞ്ഞ ദിവസം ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐ വിനോദ് ഇരുവരെയും ചോദ്യം ചെയ്യുകയും വിരലടയാളവും ഫോട്ടോയും എടുത്ത ശേഷം വിട്ടയ്ക്കുകയും ചെയ്തു. പിന്നാലെ കൊച്ചനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗുണ്ടാ സംഘം എഎസ്ഐയുടെ വടക്കും ഭാഗത്തെ വീട്ടിലെത്തി.

വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തി. ഈ സമയം പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ കേസിലാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായ കാവനാട് സ്വദേശി ഡാനിഷ് ജോര്‍ജ്, ചവറയില്‍ നിന്നുള്ള പ്രമോദ്, പന്‍മന സ്വദേശി മനു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. 

ഇവര്‍ ഉപയോഗിച്ചിരുന്ന കാറും രണ്ടു സ്കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കായലില്‍ ചാടി നീന്തി രക്ഷപ്പെട്ട മുഖ്യപ്രതി കൊച്ചനിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios