മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് രതീഷ് ബൈക്കിൽ വിളച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്ന് ഉണ്ണിക്കുട്ടൻ പൊലീസിന് മൊഴി നൽകി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടൽ. കഴക്കൂട്ടം സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. മറ്റൊരു ഗുണ്ടയായ രതീഷാണ് ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. രതീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
ഇന്നലെ വൈകിട്ട് കഴക്കൂട്ടം മേനംകുളത്ത് വെച്ചാണ് സംഭവം. ഉണ്ണിക്കുട്ടനെ ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയം തോന്നിയ നാട്ടുകാരനാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് കഠിനംകുളം പൊലീസ് നടത്തിയ തെരച്ചിലിൽ കണിയാപുരത്ത് വെച്ച് അവശനിലയിൽ ഉണ്ണിക്കുട്ടനെകണ്ടെത്തുകയായിരുന്നു.
ഉണ്ണിക്കൂട്ടൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് രതീഷ് ബൈക്കിൽ വിളച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്ന് ഉണ്ണിക്കുട്ടൻ പൊലീസിന് മൊഴി നൽകി.
ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഒരുമാസം മുമ്പാണ് രതീഷ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
