ലതേഹാര്‍(ജാര്‍ഖണ്ഡ്): 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം. സമീപത്തെ വീട്ടില്‍നിന്നാണ് കുഴിച്ചിട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നരബലിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമീണര്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കുട്ടികളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന് ലാതേഹര്‍ സബ് ഡിവിഷണല്‍ ഓഫിസര്‍ ജയ് പ്രകാശ് ഝാ അറിയിച്ചു. 

കുട്ടികളുടെ കാല്‍ മണ്ണില്‍നിന്ന് പുറത്തുവന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ വിവരമറിയിച്ചപ്പോഴാണ് പൊലീസ് എത്തിയത്. വീട് തുറന്ന് അകത്ത് കയറിയപ്പോള്‍ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം പതിവില്ലാതെ അര്‍ദ്ധരാത്രിയിലും ഈ വീട്ടില്‍നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ അറിയിച്ചു. വീടിന്‍റെ ഉടമസ്ഥന്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.