വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 317 കിലോ കഞ്ചാവ്. വിപണിയിൽ ഇതിന് 3 കോടി 17 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മലയാളികളായ വിഷ്ണു, ചാന്ദ് പാഷ എന്നിവരെയും കഞ്ചാവും കടത്താനുപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികളെ കുമ്പളഗോഡ് പൊലീസ് പിടികൂടി. രാജ്യാന്തര വിപണിയിൽ മൂന്ന് കോടിയിലധികം രൂപ വിലവരുന്നതാണ് കഞ്ചാവ്. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ബെംഗളൂരു കുമ്പളഗോഡ് പൊലീസ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്.
ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് ഇന്നോവ കാറിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ഞായറാഴ്ച പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം കാത്തുനിന്ന പൊലീസ് സംഘം ഇന്നോവ കാർ വളഞ്ഞ് തടഞ്ഞുനിർത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 317 കിലോ കഞ്ചാവ്. വിപണിയിൽ ഇതിന് 3 കോടി 17 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മലയാളികളായ വിഷ്ണു, ചാന്ദ് പാഷ എന്നിവരെയും കഞ്ചാവും കടത്താനുപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയിലെ കുമാരമംഗലത്തേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബർ 6ന് ബെംഗളൂരുവിൽ എത്തിയ പ്രതികൾ ആർടി നഗറിൽ നിന്ന് വാടകയ്ക്ക് എടുത്ത റെന്റ് എ കാറുമായാണ് ഒഡിഷയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച തിരിച്ചെത്തിയ ഇരുവരും ബെംഗളൂരു ബൊമ്മസാന്ദ്രയിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സൗത്ത്-വെസ്റ്റ് ഡിവിഷൻ ഡിസിപി സൗമ്യലത എസ്.കെ., കെങ്കേരി എസിപി സത്യവതി കെ.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. സംഭവത്തിൽ കുന്പളഗോഡ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഡിഷയിൽ ആരുടെ പക്കൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും കേരളത്തിൽ വേറെ ഇടനിലക്കാരുണ്ടോ എന്നും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

