ജൂണിലാണ് മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു തുടങ്ങി അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

സുൽത്താൻ ബത്തേരി: ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ നിർണായക തെളിവ് ലഭിച്ചു. മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മൃതദേഹം ഉടൻ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നാണ് വയനാ‍ട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്. ജൂണിലാണ് മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു തുടങ്ങി അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. 

ഹേമചന്ദ്രന്‍റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന വാദമാണ് മുഖ്യപ്രതി നൗഷാദ് വിദേശത്ത് നിന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഉയർത്തിയത്. ആത്മഹത്യ ചെയ്തത് കണ്ടപ്പോള് താനും സുഹൃത്തുക്കളും മൃതദേഹം കുഴിച്ചിട്ടു. മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രൻ പണം നല്‍കാനുണ്ടായിരുന്നു. പണം എവിടെ നിന്നും സംഘടിപ്പിക്കാൻ കഴിയില്ലെന്ന് വന്നപ്പോള്‍ കരാറില്‍ ഒപ്പിടീപ്പിച്ച് ഹേമചന്ദ്രനെ വീട്ടില്‍ ആക്കിയതാണ് തങ്ങളെന്നുമാണ് നൗഷാദ് നേരത്തെ പറഞ്ഞത്. മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ നൗഷാദിന്‍റെ വാദങ്ങള്‍ തള്ളുന്ന അന്വേഷണ സംഘം കൊല നടന്നത് നൗഷാദിന്‍റെ നേതൃത്വത്തില്‍ തന്നെയാണെന്ന നിലപാടിലാണ്. തെറ്റ് പറ്റിയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.