കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകനായ വിജയ് അൻസാരിയാണ് സർക്കാരിനായി ഹാജരാകുന്നത്.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ഒരു വർഷം മുമ്പ് സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. അന്വേഷണം പൂർത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും കേന്ദ്ര ഏജൻസി വേണ്ടെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് എടയന്നൂർ തെരൂരിൽ വെട്ടിക്കൊലപ്പെടുത്തിയത്. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.