Asianet News MalayalamAsianet News Malayalam

5 കോടിക്ക് ബിജെപി സീറ്റ്, തട്ടിയത് കോടികൾ, ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര റിമാന്‍ഡില്‍

കര്‍ണാടകയിലെ ഹിന്ദുത്വ ആക്ടിവിസ്റ്റുമാരിലെ തീപ്പൊരി പ്രാസംഗിക കൂടിയാണ് അറസ്റ്റിലായ ചൈത്ര.

Hindutva activist Chaitra Kundapura remanded for 10 days for cheating entrepreneur Govinda Babu Poojari by offering BJP ticket from Byndoor Assembly constituency and taking 5 crore etj
Author
First Published Sep 14, 2023, 10:56 AM IST

മംഗളുരു: 5 കോടി രൂപയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര പൊലീസ് കസ്റ്റഡിയില്‍. ചൈത്രയും മറ്റ് അഞ്ച് പേരെയും ചൊവ്വാഴ്ചയാണ് ബെംഗളുരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബിസിനസുകാരനായ ഗോവിന്ദ ബാബു പൂജാരിയില്‍ നിന്ന് ബൈന്ദൂര്‍ നിയമ സഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി 5 കോടി തട്ടിയതിനായിരുന്നു അറസ്റ്റ്. 10 ദിവസത്തേക്കാണ് ചൈത്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഉഡുപ്പിയിലെ കൃഷ്ണ മഠിന് സമീപത്തെ പാര്‍ക്കിംഗ് മേഖലയില്‍ നിന്നാണ് ചൈത്രയെ അറസറ്റ് ചെയ്തത്.

മറ്റ് അഞ്ച് പേരെ ചിക്കമംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബൈന്ദൂര്‍ സ്വദേശിയാണ് പരാതിക്കാരനായ ഗോവിന്ദ ബാബു പൂജാരി. ചെഫ്റ്റാക് നൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമയാണ് വന്‍ തട്ടിപ്പിനിരയായത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ബൈന്ദൂരില്‍ വരലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഗോവിന്ദ ബാബു പൂജാരി സെപ്തംബര്‍ 8നാണ് പൊലീസില്‍ തട്ടിപ്പിനേക്കുറിച്ച് പരാതിപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായ പ്രസാദ് ബൈന്ദൂര്‍ ആണ് 2022ല്‍ ചൈത്രയെ പരിചയപ്പെടുത്തുന്നത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ സീറ്റ് നല്‍കാമെന്നും ദില്ലിയിലെ ഉന്നത ബന്ധം വച്ച് ചൈത്ര വിജയം ഉറപ്പ് നല്‍കുകയും ചെയ്തു. ബിജെപി യുവ മോര്‍ച്ച ജനറല്‍ സെക്രട്ടറി ഗഗന്‍ കടൂറിനെ ഇതിനായി ചൈത്ര പരിചയപ്പെടുത്തുകയും ചെയ്തു. 2022 ജൂലൈ 4നായിരുന്നു ഇത്.

45 വര്‍ഷത്തോളം വടക്കേ ഇന്ത്യയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിട്ടുള്ള വിശ്വനാഥ് ജിയെ ഈ ആവശ്യത്തിലേക്കായി ഗഗനാണ് ഗോവിന്ദ ബാബു പൂജാരിയെ പരിചയപ്പെടുത്തുന്നത്. വിശ്വനാഥ് ജിക്ക് ജൂലൈ 7ന് 50 ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി. ഇതിന് പിന്നാലെ ചൈത്ര കേസിലെ മൂന്നാം പ്രതിയായ അഭിനവ ഹലശ്രീ സ്വാമിയെ പരിചയപ്പെടുത്തുകയും 1.5 കോടി രൂപ ഹോസ്പേട്ടില്‍ വച്ച് കൈമാറുകയും ചെയ്തു. ഒക്ടോബറില്‍ കേസിലെ അഞ്ചാം പ്രതിയായ നായികിനെ പരിചയപ്പെടുത്തി. ബെംഗളുരുവിലെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമാണ് നായിക് എന്നാണ് ചൈത്ര വിശദമാക്കിയത്. സീറ്റ് ഉറപ്പാണെന്ന് വ്യക്തമാക്കിയതോടെ ഗോവിന്ദ ബാബു പൂജാരി മൂന്ന് കോടി രൂപ കൈമാറി. 2022 ഒക്ടോബര്‍ 29നായിരുന്നു ഇത്. മാര്‍ച്ച് 8 ന് വിശ്വനാഥ് ജി ശ്വാസ തടസം മൂലം മരിച്ചതായി ചൈത്ര ഗോവിന്ദ ബാബു പൂജാരിയെ അറിയിച്ചു.

ഇതോടെ വിശ്വനാഥ് ജിയെക്കുറിച്ച് ഗോവിന്ദ ബാബു പൂജാരി അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് ഇങ്ങനെയൊരു വ്യക്തിയില്ലെന്ന് ഗോവിന്ദ ബാബു പൂജാരിക്ക് വ്യക്തമാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ചൈത്രയുടെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പും ആള്‍ മാറാട്ടത്തിലുമാണ് പണം നഷ്ടമായതെന്ന് വ്യക്തമായത്. ഇതോടെ ഗോവിന്ദ ബാബു പൂജാരി പൊലീസ് സഹായം തേടുകയാണ്. കര്‍ണാടകയിലെ ഹിന്ദുത്വ ആക്ടിവിസ്റ്റുമാരിലെ തീപ്പൊരി പ്രാസംഗിക കൂടിയാണ് അറസ്റ്റിലായ ചൈത്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios