Asianet News MalayalamAsianet News Malayalam

കാഞ്ഞങ്ങാട് ഹണി ട്രാപ്പ്; 2 പേർ കൂടി അറസ്റ്റിൽ, പിടിയിലായവർ സ്വർണ്ണത്തട്ടിപ്പ് കേസ് പ്രതിയും കല്യാണബ്രോക്കറും

വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. 

honey trap case two arrested
Author
Kasaragod, First Published Aug 26, 2021, 2:09 PM IST

കാഞ്ഞങ്ങാട് ഹണിട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്ര സ്വദേശിയായ അബ്ദുള്‍ സത്താറിന്റെ പരാതിയില്‍ നേരത്തെ ദമ്പതികൾ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിരുന്നു.

വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. പിടിയിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ് കല്ല്യാണ ബ്രോക്കറാണ്. കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ ഹമീദ് നേരത്തെ സ്വർണ്ണതട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളും.

നേരത്തെ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവർ അറസ്റ്റിലായിരുന്നു. ഹണി ട്രാപ്പില്‍ കുടുക്കി മൂന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവുമാണ് സത്താറിൽ നിന്ന് സംഘം തട്ടിയെടുത്തത്.

മകളാണെന്ന് പരിചയപ്പെടുത്തി ഉമ്മറും ഫാത്തിമയും സാജിതയെ സത്താറിനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിരുന്നു. കിടപ്പറയില്‍  രഹസ്യ ക്യാമറ സ്ഥാപിച്ച്  സാജിതയുടെയും സത്താറിന്റെയും വീഡിയോ പകര്‍ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയിരുന്നത്. കേസിലെ പ്രധാന പ്രതിയായ സാജിതയുടെ വിവാഹലോചന കൊണ്ടുവന്നത് ഇപ്പോൾ അറസ്റ്റിലായ അഷ്‌റഫാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരുന്നു. 

അബ്ദുള്‍ ഹമീദിനെതിരെ സ്വര്‍ണത്തട്ടിപ്പിന് പുറമേ മറ്റു കേസുകള്‍ ഉള്ളതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  
സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹണി ട്രാപ്പിലൂടെ കൂടുതല്‍ പേരെ സംഘം കുടുക്കിയതായും  അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹണി ട്രാപ്പ് കേസുകളില്‍ സാജിത നേരത്തേയും പ്രതിയാണ്. ഫാത്തിമയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലെ  പ്രതികളാണ് ഉമ്മറും ഫാത്തിമയും. 

Follow Us:
Download App:
  • android
  • ios