വഴിയിൽ വെച്ച് പുതുവർഷ ആശംസ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ തേവര പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊച്ചി: പുതുവർഷാഘോഷത്തിനിടെ കൊച്ചിയിൽ വീടുകയറി ആക്രമണം. എളംകുളം സ്വദേശി ദിലീപിന്റെ വീട്ടില്‍കയറി പതിനഞ്ചോളം പേരടങ്ങുന്ന സംഘം വാഹനങ്ങളും ഗൃഹോപകരണങ്ങളും തല്ലിത്തകർത്തു. സംഭവത്തിൽ തേവര പൊലീസ് കേസെടുത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പുതുവർഷ ആഘോഷങ്ങൾക്കിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. രാത്രി പതിനൊന്നരയോടെ വഴിയിൽ വച്ച് പുതുവർഷ ആശംസകൾ നേർന്ന പനമ്പിളളി നഗർ സ്വദേശി കിരണിനെ എളംകുളം സ്വദേശിയായ എബിനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു. കണ്ണിന് മുകളിൽ പരിക്കേറ്റ കിരൺ സഹായത്തിനായി എളംകുളത്തെ സുഹൃത്ത് ദിലീപിന്റെ വീട്ടിലെത്തി. കിരണിനെ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ എത്തി വിശ്രമിക്കുമ്പോഴാണ് എബിനും സംഘവും ദിലീപിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

അക്രമിസംഘം വീടിന്റെ മുൻവാതിൽ പൂ‍ർണമായി തകർത്തു. വീടിന്റെ എല്ലാ ജനലുകളും തകർത്ത നിലയിലാണ്. എളംകുളം സ്വദേശി എബിനുൾപ്പെടെയുള്ള അക്രമിസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.