കോഴിക്കോട്: ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് കണ്ണംപറമ്പ് സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നാലരമാസം മുമ്പ് മരിച്ച ഭര്‍ത്താവി‍ന്‍റെ ജേഷ്ഠനെ വകവരുത്തിയത് താനാണെന്ന് ഇയാള്‍ പറഞ്ഞിരുന്നതായും യുവതി നല്‍കിയ പരാതിയിലുണ്ട്.

ഭര്‍ത്താവിന്‍റെ സുഹൃത്തായ കോഴിക്കോട് ഒളവണ്ണ സ്വദേശിക്കെതിരെയാണ് വീട്ടമ്മയുടെ പരാതി. ഭര്‍ത്താവുമായുള്ള സൗഹൃദത്തിന്‍റെ ബലത്തില്‍ ആദ്യം ഫോണ്‍ കോളുകളിലൂടെയാണ് യുവതിയുമായി ഇയാള്‍ ചങ്ങാത്തത്തിലാകാന്‍ ശ്രമിച്ചത്. പിന്നീട് ഇയാളുടെ ആവശ്യം മറ്റുപലതുമായി. ഇയാള്‍ ഭീഷണിപ്പെടുത്തുന്ന കാര്യം ഭര്‍ത്താവിനോട് പറയാതിരുന്നത് പേടികൊണ്ടാണെന്ന് യുവതി പറഞ്ഞു.

ചൂഷണത്തിന് വഴങ്ങില്ലെന്ന് ഉറപ്പായതോടെ ഭര്‍ത്താവിന്‍റെ സുഹൃത്ത് ഭീഷണി തുടങ്ങി. യുവതിയുടെ വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു. കിഡ്നി രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ ഭര്‍തൃസഹോദരന്‍ മരിക്കുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്.

ഇയാളെ ഒഴിവാക്കിയത് പോലെ ഭര്‍ത്താവിനേയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതോടെ ആ മരണത്തിലും ദൂരൂഹതയേറിയിട്ടുണ്ട്. മരിച്ചയാളുടെ കച്ചവടത്തില്‍ പങ്കാളിയായിരുന്നു ആരോപണം നേരിടുന്ന യുവാവ്. പരാതിയില്‍ ചെമ്മങ്ങാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.