ഭർത്താവിന്റെ അമ്മയോടൊപ്പം വീട്ടിൽ തനിച്ചായ അവസരത്തിൽ ഒന്നും രണ്ടു പറഞ്ഞ് തുടങ്ങിയ വഴക്ക് ഒടുവിൽ എത്തി നിന്നത് കൊലപാതകത്തിൽ. അഹമ്മദാബാദിലെ ഗോട്ടയിലാണ് സംഭവം. ഇരുപത്തൊമ്പതുകാരിയായ നികിതയാണ് തന്റെ ഭർത്താവ് ദീപക് അഗർവാളിന്റെ അമ്മ, രേഖയെ ഡി ബ്ളോക്കിലുള്ള തന്റെ റോയൽ ഹോംസ് എന്ന ഫ്ലാറ്റിൽ വെച്ച്, ഇരുമ്പുവടിക്ക് തലക്കടിച്ച് കൊലപ്പെടുത്തിയത്. 

രാജസ്ഥാനിലെ പാലി സ്വദേശികളായ അഗർവാൾ കുടുംബം, ഗോട്ടയിൽ ഒരു മാർബിൾ/ഗ്രാനൈറ്റ് വിപണന സ്ഥാപനം നടത്തുന്നവരാണ്. രാജസ്ഥാനിലെ ബീവർ സ്വദേശിയായ നികിതയുമായുള്ള ദീപകിന്റെ വിവാഹം നടന്നത് ഇക്കൊല്ലം ജനുവരിയിലാണ്. ഈ കൃത്യത്തിൽ ഏർപ്പെടുമ്പോൾ നികിത അഞ്ചുമാസം ഗർഭിണിയായിരുന്നു. നികിതയും, ഭർത്തൃമാതാവ് രേഖയും തമ്മിൽ ഒട്ടും സ്വരച്ചേർച്ചയിലായിരുന്നില്ല എന്നും അവിടെ നിത്യം വഴക്കുകൾ പതിവായിരുന്നു എന്നും അയൽവാസികൾ പൊലീസിന് മൊഴിനൽകി. രേഖ, ഇടയ്ക്കിടെ നികിതയുടെ സ്വഭാവശുദ്ധിയെപ്പറ്റി മോശമായ പരാമർശങ്ങൾ നടത്താറുണ്ടായിരുന്നത്രെ. 

രേഖയുടെ ഭർത്താവും, ദീപകിന്റെ അച്ഛനുമായ രാം നിവാസ് കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി കടയിൽ ഇരിക്കെയാണ് ദീപക്കിന് അച്ഛനിൽ നിന്ന് ഒരു കാൾ വരുന്നത്. വീട്ടിനുള്ളിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽക്കാർ കൊവിഡ് സെന്ററിൽ ഉള്ള രാം നിവാസിനെ വിളിച്ചു പറഞ്ഞതിനെത്തുടർന്നാണ് അയാൾ മകനെ വിളിച്ചു കാര്യം പറഞ്ഞത്. അച്ഛനെ വിളി വന്നതിനെത്തുടർന്ന് ദീപക് ഉടനടി നികിതയെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോൾ, അമ്മയുമായി ഒരു ചെറിയ വഴക്കുണ്ടായി, തന്നെ അമ്മ മർദ്ദിച്ചു എന്ന് നികിത ഏങ്ങലടിച്ചുകൊണ്ട് ദീപക്കിനെ അറിയിച്ചു. അത്രയും പറഞ്ഞ് അവൾ ഫോൺ കട്ടുചെയ്തു. അതോടെ ദീപക് ബൈക്കിൽ വീട്ടിലേക്ക് കുതിച്ചെത്തി.

ബെല്ലടിച്ചിട്ടും ആരും വാതിൽ തുറക്കാതിരുന്നപ്പോൾ ദീപക് വീണ്ടും നികിതയുടെ ഫോണിൽ വിളിച്ചു. തന്റെ കിടപ്പുമുറി ആരോ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ് എന്നാണ് നികിത ഫോണിൽ പറഞ്ഞത്. ഒന്നാം നിലയിലായിരുന്നു അഗർവാൾ കുടുംബത്തിന്റെ ഫ്ലാറ്റ്. അതുകൊണ്ട് ഒരു കോണി സംഘടിപ്പിച്ച് ദീപക്, ബാൽക്കണിയിലൂടെ എത്തി നോക്കി. ഡൈനിങ് റൂമിൽ ചോരയിൽ കുളിച്ച് പാതി കരിഞ്ഞ നിലയിലുള്ള അമ്മയുടെ ജഡം അയാൾ കണ്ടു. അതിനു ശേഷം അയാൾ ബാൽക്കണി വഴി അകത്തുകടന്നു ബെഡ്റൂമിലേക്ക് ചെന്നപ്പോൾ, നികിത പറഞ്ഞതിൽ നിന്ന് വിരുദ്ധമായി കിടപ്പറ പുറത്തു നിന്ന് പൂട്ടിയിരുന്നില്ല എന്ന് ദീപക്കിന് മനസ്സിലായി മനസ്സിലായി. എന്തിനു കള്ളം പറഞ്ഞു, എന്തുകൊണ്ട് വാതിൽ തുറന്നില്ല എന്ന് ചോദിച്ചപ്പോൾ, താൻ വല്ലാത്ത ക്ഷീണം തോന്നി കിടന്നുറങ്ങിപ്പോയതാണ് എന്നവൾ പറഞ്ഞു.

പിന്നാലെ പൊലീസ് വന്നു. അന്വേഷണങ്ങളുണ്ടായി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ അവൾ താൻ തികച്ചും നിരപരാധിയാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. ഭർത്താവിന്റെ അമ്മയുമായി കലഹത്തിലേർപ്പെട്ട നികിത അവർ ഒരു ഇരുമ്പുവടി കൊണ്ട് തലക്ക് അടിച്ചു എന്നും, ആ ശക്തമായ അടിയിൽ തലയോട്ടി പൊളിഞ്ഞ് രക്തം വാർന്നാണ് രേഖ മരിച്ചത് എന്നും പൊലീസ് പറഞ്ഞു. ഭർത്തൃമാതാവ് മരിച്ചു എന്ന് മനസ്സിലായപ്പോൾ നികിത ആദ്യം കിടക്കവിരി കൊണ്ട് തറയിൽ വീണ രക്തം തുടച്ചു നീക്കാനും. പുതപ്പിട്ടു മൂടി ജഡം ഫ്ലാറ്റിനുള്ളിൽ തന്നെ ഇട്ടു കത്തിക്കാനും ഒരു വ്യർത്ഥ ശ്രമം നടത്തി. 

കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കയാണ് എന്നും, നികിതയ്ക്കെതിരെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം എന്നും പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജെപി ജഡേജ മുംബൈ മിറർ പത്രത്തോട് പറഞ്ഞു.