വിതുര: സ്വന്തം വീട്ടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ കാമുകനെ സഹായിച്ച വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര മരുതാമല സ്വദേശി കവിതയെയാണ് അറസ്റ്റ് ചെയ്തത്. കവിതയുടെ സഹായത്തോടെ 25 പവൻ മോഷ്ടിച്ച കാമുകൻ രാജേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ ശനിയാഴ്ചയാണ് വിതുര സ്വദേശി ജോസിന്‍റെ വീട്ടിലെ കിടപ്പറയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 കിലോ സ്വർണം പിൻ വാതിലിലൂടെ കയറിയ രാജേഷ് മോഷ്ടിച്ചത്. ജോസും ഭാര്യ കവിതയും ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. പ്രാഥമിക അന്യേഷണത്തിൽ തന്നെ വീട്ടിനകത്തുള്ള ആരോ രാജേഷിനെ സഹായിച്ചിട്ടുണ്ടെന്ന് പൊലീസിന് മനസ്സിലായിരുന്നു. 

തുടർന്ന് നടത്തിയ അന്യേഷണത്തിലാണ് കവിതയുടെ പങ്ക് തെളിയുന്നത്. സ്വർണം സൂക്ഷിച്ച രഹസ്യ അറ കവിത രാജേഷിന് കാണിച്ച് കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. രാജേഷിനായി പിൻവാതിൽ തുറന്നിടുകയും ചെയ്തു. ആശുപത്രിയിൽ പോവുന്ന സമയത്ത് മോഷണം നടത്താൻ രാജേഷിനോട് പറഞ്ഞതും കവിത തന്നെയെന്നാണ് പൊലീസ് പറയുന്നത്.

കവിതയുമായി സൗഹൃദത്തിലായിരുന്ന രാജേഷ് ഇവരിൽ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ സ്കോർപ്പിയോ കാർ വാങ്ങാനായി 10 ലക്ഷം രൂപ രാജേഷ് ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഭർത്താവിനോട് വിവരങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. തുടർന്നാണ് സ്വർണത്തിൻറെ കാര്യം രാജേഷിനോട് പറയുന്നത്. 

മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ രാജേഷ് പരിസരത്ത് മുളക് പൊടിയും മല്ലിപ്പൊടിയും വിതറി. നിരവധി തട്ടിപ്പു കേസിൽ പ്രതിയായ രാജേഷിനെ ബുധനാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയാണ് വിതുര പൊലീസ് കവിതയെ അറസ്റ്റ് ചെയ്തത്.