Asianet News Malayalam

മാർട്ടിൻ പിടിയിലായതെങ്ങനെ? വിശദീകരിച്ച് പൊലീസ്, കൂസലില്ലാതെ പ്രതി

കൊച്ചിയിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു വർഷത്തിനിപ്പുറം പിടിയിലായപ്പോഴും ഒരു കൂസലുമുണ്ടായിരുന്നില്ല  പ്രതി മാർട്ടിൻ ജോസഫിന്.

How did rape accused Martin get caught Police explained
Author
Kerala, First Published Jun 10, 2021, 11:01 PM IST
  • Facebook
  • Twitter
  • Whatsapp

തൃശ്ശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു വർഷത്തിനിപ്പുറം പിടിയിലായപ്പോഴും ഒരു കൂസലുമുണ്ടായിരുന്നില്ല  പ്രതി മാർട്ടിൻ ജോസഫിന്. മാർട്ടിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിക്കുമ്പോഴെല്ലാം നിർവികാരനായി, കൂസലില്ലാതെ നിൽക്കുകയായിരുന്നു മാർട്ടിൻ.

പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിലാണ് മാർട്ടിൻ പിടിയിലാകുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടെ മാർട്ടിനെ കുരുക്കാൻ നാട്ടുകാരുടെ കൂടി സഹായത്തോടെ ആയിരുന്നു പൊലീസ് നീക്കം.  നാട്ടുകാരടങ്ങുന്ന ഓരോ സംഘത്തിനും ഒപ്പം ഓരോ പോലീസ് ഉദ്യോഗസ്ഥൻ. ഒളിഞ്ഞു മറഞ്ഞ് കളിച്ച്, ഒടുവിൽ മാർട്ടിൻ ക്ഷീണിതനായ അവസ്ഥയിലെത്തി. പിന്നീട് ഒരു വ്യാവസായിക മേഖലയിലെ കെട്ടിടത്തിന് മുകളിൽ  മാർട്ടിൻ കീഴടങ്ങി.

റോബിൻ എന്ന സുഹൃത്തിന്റെ  വീട്ടിൽ നിന്ന് ഇയാൾ  ഇറങ്ങി ഓടുകയായിരുന്നു. റോബിനും കസ്റ്റഡിയിലുണ്ട്. നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവർക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂർ എറണാകുളം പൊലീസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ പ്രതിയെ കുറിച്ച് സൂചനയുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

പിടിയിലായത് ഒരു വർഷത്തിന് ശേഷം

കഴിഞ്ഞ മാർച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിരന്തരം റിപ്പോർട്ട് ചെയ്തു. അപ്പോഴാണ് പൊലീസ് അനങ്ങിയത്. 

യുവതിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചതും മർദ്ദിച്ചതുമായ പാടുകളുണ്ടായിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പ്രതി മാർട്ടിനിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ  തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.  മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍  മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി  പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 

നഗ്ന വീഡിയോ ചിത്രീകരിച്ചു.  ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേൽപ്പിച്ചു. ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകിയത് കഴിഞ്ഞ മാർച്ചിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios