സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍ കാറ് ലീസിന് നല്‍കാനുണ്ടെന്ന് കാണിച്ച് വ്യാജ പേരില്‍ പോസ്റ്റിടുന്നു. ഇത് കണ്ട് ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്

കോഴിക്കോട്: കാറുകള്‍ ലീസിന് കൊടുത്ത് വന്‍ തുക തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു. ലീസിന് നല്‍കുന്ന കാര്‍ ഒരാഴ്ചക്കകം കടത്തിക്കൊണ്ട് പോകുന്നതാണ് സംഘത്തിന്‍റെ രീതി. വടക്കൻ ജില്ലകളില്‍ ഇത്തരത്തില്‍ നിരവധി പേരാണ് പറ്റിക്കപ്പെട്ടിരിക്കുന്നത്. ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായത്.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍ കാറ് ലീസിന് നല്‍കാനുണ്ടെന്ന് കാണിച്ച് വ്യാജ പേരില്‍ പോസ്റ്റിടുന്നു. ഇത് കണ്ട് ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. നാല് മാസത്തെ ലീസിന് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ രൂപ വാങ്ങും. മറ്റുള്ളവരില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളാണ് ഇങ്ങനെ ലീസിന് നല്കുന്നത്.

കാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ കൊണ്ട് പോകുന്നതിന് പിന്നാലെ തട്ടിപ്പുകാരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആകും. ഇടപാടുകാര്‍ക്ക് ലീസ് തുകയും നഷ്ടമാകും. തിരിച്ചറിയല്‍ കാര്‍ഡില്‍ നല്‍കുന്ന അഡ്രസ് വ്യാജമാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ താമസിക്കുന്ന നൗഷാദ് അലി എന്നയാളും സംഘവുമാണ് ഇതിന് പിന്നിലെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്.