കൊല്ലം: ജല അതോറിറ്റി എടുത്ത കുഴിയിൽ വീണ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവതി ടിപ്പർ ലോറി കയറി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടർ എന്നിവർ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. കുമ്പളം തെങ്ങുംതറ മേലേതിൽ ഷിബിന്റെ ഭാര്യ ജീൻസി മോൾ (26) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. പിതാവിന്റെ ബൈക്കിൽ കുമ്പളത്തെ വീട്ടിലേക്ക് പോവുകയായിരുന്നു ജിൻസി. ജല അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.