തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പണം ആവശ്യപ്പെട്ടുളള ഭര്‍ത്താവിന്‍റെ ഭീഷണിയില്‍ മനം നൊന്താണ് യുവതിയുടെ ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തല്‍.  ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വട്ടപ്പാറ പ്രശാന്ത് നഗറിലെ താമസക്കാരിയായ ആര്യയെന്ന ഇരുപത്തിമൂന്നുകാരിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീടിനുളളില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ ഭര്‍ത്താവ് തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി രാജേഷ്കുമാറിനെ അറസ്റ്റ് ചെയ്തത്. ആര്യയെ വിവാഹം കഴിക്കുന്നതിനു മുന്പു തന്നെ രാജേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് മറച്ചുവച്ചായിരുന്നു ആര്യയുമായുളള വിവാഹം. 

എന്നാല്‍ ഈ ബന്ധത്തെ പറ്റി അറിഞ്ഞതോടെ ആര്യയും രാജേഷും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. ഇതിനിടെ ഏതാനും ദിവസം മുന്പ് രാജേഷ് ആര്യയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആര്യയുടെ ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒരു വയസുളള ഇരട്ടക്കുട്ടികളുടെ അമ്മയാണ് മരിച്ച ആര്യ. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ കുറ്റങ്ങളാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്നത്.