ആഗ്ര: തനിക്ക്‌ വിഷം നല്‌കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ഭാര്യയാണെന്ന്‌ യുവാവിന്റെ മരണമൊഴി. മരണത്തിന്‌ നിമിഷങ്ങള്‍ക്ക്‌ മുമ്പ്‌ റെക്കോഡ്‌ ചെയ്‌ത സെല്‍ഫി വീഡിയോയിലാണ്‌ യുവാവ്‌ ഇക്കാര്യം പറഞ്ഞത്‌. ഉത്തര്‍പ്രദേശിലാണ്‌ സംഭവം.

ആഗ്ര സ്വദേശിയായ അവദേശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. വിഷം ഉള്ളില്‍ച്ചെന്ന്‌ ഗുരുതരാവസ്ഥയിലായിരുന്നു അവിദേശ്‌. മരണം സംഭവിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഭാര്യ തനിക്ക്‌ പാലില്‍ വിഷം കലക്കി നല്‍കിയതാണെന്ന്‌ യുവാവ്‌ ആരോപിച്ചത്‌.

അവിദേശിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വീട്ടിലെത്തിയിരുന്നു. ഇവരും അവിദേശുമായി വഴക്കുണ്ടായി. അവിദേശിനെ ഭാര്യയുടെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.