ബെംഗളൂരു: പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. രാമനഗര ജില്ലയിലെ മാഗഡിയ്ക്കു സമീപമാണ് സംഭവം. ഹനുമെഗൗഡയാണ് ഭാര്യ പാർവ്വതിയെ കൊലപ്പെടുത്തിയത്. ശേഷം കൊലനടത്താനുപയോഗിച്ച ആയുധവുമായി ഇയാൾ പൊലീസിൽ കീഴടങ്ങി. 

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. തങ്ങളുടെ കൃഷിയിടത്തിൽ ജോലിയിലേർപ്പെട്ടിരുന്ന ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊലയിൽ കലാശിക്കുകയുമായിരുന്നു. ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച ഹനുമെഗൗഡ വാക്കുതർക്കത്തിനൊടുവിൽ കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

പിന്നീട് ആയുധവുമായി പൊലീസിൽ കീഴടങ്ങി ഹനുമെഗൗഡ, തന്നെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവ സമയത്ത്  ഇവരുടെ രണ്ടു മക്കളും പാർവ്വതിയുടെ വീട്ടിലായിരുന്നു. 13 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. സംഭവത്തിൽ മാഗഡി പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.