ലാഹോര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മൂക്കും മുടിയും മുറിച്ചെടുത്ത് ഭര്‍ത്താവ്. ലാഹോറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിചിത്രമായ സംഭവം നടന്നത്. 

പതിവായി വഴക്കുണ്ടാക്കാറുള്ള ദമ്പതിമാരായിരുന്നു ഇവരെന്നാണ് പൊലീസ് പറയുന്നത്. അന്ന് സാമ്പത്തിക വിഷയങ്ങളെച്ചൊല്ലിയാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായതത്രേ. വാക്കേറ്റം മുറുകിയപ്പോള്‍ ആദ്യം അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഒരു പൈപ്പ് ഉപയോഗിച്ച് അച്ഛന്‍ അമ്മയെ അടിക്കുകയും തുടര്‍ന്നും ദേഷ്യം തീരാതായപ്പോള്‍ അടുക്കളയില്‍പ്പോയി കറിക്കത്തി എടുത്തുവന്ന് അമ്മയുടെ മൂക്കും മുടിയും മുറിക്കുകയായിരുന്നുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. 

വഴക്ക് സ്ഥിരമായതിനെ തുടര്‍ന്ന് രണ്ടുതവണ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇവര്‍ പോയിരുന്നതായും ഇനിയും ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വാഗ്ദാനത്തില്‍ തിരിച്ചെത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വല വിരിച്ചിട്ടുണ്ട്.