കോഴിക്കോട്‌: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‌ ജീവപര്യന്തം തടവും അഞ്ച്‌ ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി കഠിനതടവ്‌ അനുഭവിക്കണം. എരഞ്ഞിക്കൽ മൊകവൂർ കുറ്റിപ്പുറത്ത്‌ പ്രജിത്തിനാണ് ‌(33) മാറാട്‌ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്‌. 

സ്ത്രീധനത്തിന്റെ പേരിൽ മാനസിക-ശാരീരിക ദ്രോഹം, ആത്മഹത്യാ പ്രേരണ, ആഭരണങ്ങൾ കൈക്കലാക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ്‌ ശിക്ഷ. പ്രജിത്തിന്റെ ഭാര്യ അമ്പലത്തുകുളങ്ങര സ്വദേശി അനുഷ (24) 2018 ജനുവരി 23-നാണ് ആത്മഹത്യ ചെയ്തത്. കാക്കൂർ പൊലീസാണ് കേസ്‌ അന്വേഷിച്ചത്‌.

പിഴ സംഖ്യ ഇവരുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ കുട്ടിക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. പണം മുഴുവൻ അനുഷയുടെ മാതാവിന്റെ പേരിൽ കെട്ടിവെക്കാനും കോടതി നിർദേശിച്ചു.

2013 മാർച്ച് മൂന്നിനാണ് അനുഷയും പ്രജിത്തും വിവാഹിതരായത്. വിവാഹസമ്മാനമായി വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ വിൽക്കുകയും അനുഷയുടെ മാതാവിന്റെ പേരിലുള്ള വീട് പ്രതിയുടെ പേരിലേക്ക് എഴുതിക്കൊടുക്കാൻ നിരന്തരം നിർബന്ധിക്കുകയും ചെയ്തിരുന്നു. 

പ്രതിക്ക് വിരോധമുള്ളവർക്കെതിരേ അനുഷയുടെ പേരിൽ പരാതി കൊടുപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും പീഡിപ്പിച്ചതായാണ് കേസ്. താമരശ്ശേരി ഡിവൈ.എസ്.പി.മാരായ പി.സി. സജീവൻ, പി. ബിജുരാജ്, കാക്കൂർ എ.എസ്.ഐ. രാമകൃഷ്ണൻ എന്നിവരാണ് കേസന്വേഷിച്ചത്.