ശനിയാഴ്ചയാണ് സുപ്രീം കോടതി അഭിഭാഷകയായ രേണു സിന്‍ഹയെ നോയിഡ സെക്ടര്‍ 30ലെ ബംഗ്ലാവിലെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ദില്ലി: സുപ്രീം കോടതി അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലി നോയിഡയില്‍ താമസിക്കുന്ന നിതിന്‍ നാഥ് സിന്‍ഹ (61) ആണ് അറസ്റ്റിലായത്. കൊലപാതകം നടത്തിയശേഷം ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ 36 മണിക്കൂറിലധികം നേരമാണ് ഇയാള്‍ ഒളിച്ചിരുന്നത്. ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ചയാണ് സുപ്രീം കോടതി അഭിഭാഷകയായ രേണു സിന്‍ഹയെ നോയിഡ സെക്ടര്‍ 30ലെ ബംഗ്ലാവിലെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതിന്‍ നാഥ് സിന്‍ഹക്കൊപ്പമായിരുന്നു ബംഗ്ലാവില്‍ ഇവര്‍ കഴിഞ്ഞിരുന്നത്. മകന്‍ വിദേശത്താണ്.

രണ്ടു ദിവസമായി രേണു സിന്‍ഹയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ഇവരുടെ സഹോദരനാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രേണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാത്ത്റൂമിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. വീട്ടില്‍ ഭര്‍ത്താവുമുണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മാറ്റിയശേഷം അസ്വഭാവിക മരണത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് മൃതദേഹം കണ്ടെത്തുമ്പോള്‍ രേണവിന്‍റെ ഭര്‍ത്താവ് നിതിന്‍ ബംഗ്ലാവിലുണ്ടായിരുന്നില്ല. നിതിനാണ് കൊലപാതകത്തിന് പിന്നിലെന്ന് രേണവിന്‍റെ സഹോദരനും ആരോപിച്ചു.
തുടര്‍ന്ന് നിതിന്‍ നാഥ് സിന്‍ഹയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. 

നിതിന്‍ നാഥ് സിന്‍ഹയുടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ അവസാനമായുണ്ടായിരുന്നത് ബംഗ്ലാവില്‍ തന്നെയാണെന്ന് വ്യക്തമായി. പിന്നീട് ബംഗ്ലാവിന്‍റെ എല്ലാ മുറികളും പോലീസ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റോര്‍ റൂമില്‍നിന്ന് ഇയാളെ കണ്ടെത്തിയത്. ബംഗ്ലാവ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബംഗ്ലാവ് വില്‍ക്കാന്‍ തീരുമാനിച്ച നിതിന്‍ നാഥ് സിന്‍ഹ അതിനായി അഡ്വാന്‍സും വാങ്ങി. എന്നാല്‍, രേണു സിന്‍ഹ ബംഗ്ലാവ് വില്‍ക്കുന്നതിന് എതിരായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.