ദില്ലി: ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക് കൊച്ചാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാനായി ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപ ഐസിഐസിഐ ബാങ്കില്‍ നിന്നും വായ്പ നല്‍കിയതില്‍ ആണ് അഴിമതി കണ്ടെത്തിയത്. ചന്ദ കൊച്ചാറിന്‍റെ നേതൃത്വത്തിലുള്ള ഐസിഐസിഐ കമ്മിറ്റി അനുവദിച്ച 300 കോടിയുടെ ലോണില്‍ 64 കോടി രൂപ ദീപക് കൊച്ചാറിന്‍റെ മറ്റൊരു സ്ഥാപനമായ എന്‍ആര്‍പിഎല്ലിലേക്ക് മാറ്റിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം ആദ്യം ചന്ദാ കൊച്ചാറിന്‍റെയും കുടുംബത്തിന്‍റെയും 78 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 2009 ജൂണിനും 2011 ഒക്ടോബറിനും ഇടയില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് ആറ് ലോണുകളിലായി 1875 കോടി രൂപയാണ് അനുവദിച്ചത്. ഈ ലോണുകള്‍ ബാങ്കിന്‍റെ ചട്ടങ്ങളെ മറികടന്നായിരുന്നു അനുവദിച്ചത്. വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ധൂത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. കളളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്.

ദീപക് കൊച്ചാറുമായി ചേര്‍ന്ന് വേണുഗോപാല്‍ ധൂത്ത് ഒരു കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നും തുടര്‍ന്ന് സ്വത്തുക്കള്‍ ദീപക് കൊച്ചാറിന്റെ പേരിലേക്ക് മാറ്റിയെന്നും ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വായ്പാ തട്ടിപ്പ് അഴിമതി പുറത്തായത്. 2018 മാര്‍ച്ചിലാണ് ചന്ദയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. കേസിന്റെ പശ്ചാത്തലത്തില്‍ 2018 ഒക്ടോബര്‍ 4ന് ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിലെ പദവി രാജി വെച്ചിരുന്നു. രാജി പരിഗണിച്ച് കഴിഞ്ഞ വര്‍ഷം ഐസിഐസിഐ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അവരെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.