താഹിർ ഖാന്‍റെ ആദ്യ ഭാര്യ അജ്മുവും മകനും മറ്റുചിലരും അദ്ദേഹത്തിന്റെ വീട്ടിലെത്തി രണ്ടാം ഭാര്യ ഹുമ ഖാനുമായി വഴക്കുണ്ടാക്കിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഭാര്യമാർ തമ്മിലുള്ള വഴക്കിനിടെ ഭര്‍ത്താവിന് വെടിയേറ്റു. ഭോപ്പാല്‍ സ്വദേശിയായ താഹിർ ഖാനാണ് വെടിയേറ്റത്. ഇയാളുടെ ആദ്യ ഭാര്യയുടെ കൂടെയെത്തിയ സംഘത്തിലൊരാളാണ് താഹിര്‍ ഖാന് നേരെ വെടിയുതിര്‍ത്തതെന്ന് ഭോപ്പാൽ എസിപി വീരേന്ദർ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

താഹിർ ഖാന്‍റെ ആദ്യ ഭാര്യ അജ്മുവും മകനും മറ്റുചിലരും അദ്ദേഹത്തിന്റെ വീട്ടിലെത്തി രണ്ടാം ഭാര്യ ഹുമ ഖാനുമായി വഴക്കുണ്ടാക്കിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. താഹിറും അജ്മുവും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ടായിരുന്നു. താഹറിന്‍റെ സ്വത്തിൽ അജ്മുവും അവകാശവാദമുന്നയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം വൈകാതെ വഴക്കായി മാറി.

വഴക്ക് നടക്കുന്നതിനിടെ താഹിർ ഖാൻ കുളിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തെത്തിയപ്പോള്‍ അജ്മുവിന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താഹിര്‍ ഖാനെ പ്രദേശത്തെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ഭാര്യ ഹുമ ഖാനും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആരാണ് വെടിവെച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Read More :  ശിവാലയ ഓട്ടത്തിനിടെ വാഹനാപകടം; തമിഴ്നാട് തക്കലയില്‍ രണ്ട് മലയാളികള്‍ മരിച്ചു