13 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പ്രതികരിക്കുന്നത്.
ഷാജഹാന്‍പൂര്‍: കുടുംബ പ്രശ്നത്തേ തുടര്‍ന്നുള്ള വാക്കേറ്റത്തിന് പിന്നാലെ ഭാര്യയുടെ കഴുത്ത് അറുത്ത് കൊന്ന് യുവാവ്. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബുധനാഴ്ചയാണ് സംഭവം. ഖാലിദ എന്ന സ്ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. റഖീബ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നാലെ കുടുംബാംഗങ്ങളുമായി ഒളിവില്‍ പോയത്. സർദാര്‍ ബസാര്‍ മേഖലയിലെ ശാന്തിപുരം കോളനിയിലായിരുന്നു അതിക്രമം നടന്നത്.
13 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഖാലിദ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറിയിരുന്നു. ബുധനാഴ്ച റഖീബ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. മൂര്‍ച്ചയേറിയ ആയുധം വച്ചുള്ള ആക്രമണത്തില്‍ കഴുത്ത് മുറിഞ്ഞ് സംഭവ സ്ഥലത്ത് വച്ച് തന്നെ ഖാലിദ മരിച്ചു. സംഭവത്തില്‍ റഖീബിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കഴിഞ്ഞ ദിവസം അസമില്‍ കൊവിഡ് ലോക്ഡൌണ്‍ കാലത്തെ പ്രണയം കൂട്ടക്കൊലയില്‍ അവസാനിച്ചിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒന്നിലേറെ തവണ ഒളിച്ചോടി വിവാഹിതരായ ദമ്പതികളുടെ പ്രണയമാണ് ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചത്. അസമിലെ ഗോലാഘട്ടിലാണ് സംഭവം. 25 കാരനായ മെക്കാനിക്കല്‍ എന്‍ജിനിയറായ നസീബുര്‍ റഹ്മാനും 24 കാരിയായ സംഗമിത്ര ഘോഷും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലെത്തിയത്. തിങ്കളാഴ്ചയാണ് സംഗമിത്രയേയും രക്ഷിതാക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് നസീബുര്‍ റഹ്മാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.