വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 20,000 രൂപ അഭിരാജ് മോഷ്ടിച്ചിരുന്നു.

ഇടുക്കി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി കരിങ്കുന്നം പൊലീസ്. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭി വിഹാറില്‍ അഭിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം തൊടുപുഴക്കടുത്ത് വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 20,000 രൂപ അഭിരാജ് മോഷ്ടിച്ചിരുന്നു. ഉച്ചക്കാണ് മോഷണം നടത്തിയത്.

മോഷ്ടാവിനെ കണ്ടെത്താന്‍ കരിങ്കുന്നം പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രദേശത്തെ സിസി ടിവികള്‍ പരിശോധിച്ചതില്‍ നിന്നും സ്‌കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. ചിത്രം വ്യക്തമല്ലാത്തതിനാല്‍ സമാന രീതിയില്‍ മോഷണം നടത്തുന്ന ഒട്ടേറെ മോഷ്ടാക്കളെ ചോദ്യം ചെയ്തു. പൊലീസിന്റെ പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അഭിരാജ് ആയിരിക്കാമെന്ന് സൂചന ലഭിച്ചു. അടഞ്ഞു കിടക്കുന്ന വീടുകളില്‍ ഇരുചക്രവാഹനങ്ങളിലെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാജിനെ പിടികൂടിയത്. എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്ന പ്രതിയെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 12 ഓളം സ്റ്റേഷനുകളിലായി 26ലധികം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായി. ഇരിക്കൂറില്‍ വീടു കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ചോറ്റാനിക്കര സ്റ്റേഷനില്‍ 12 മോഷണക്കേസുകളിലെ പ്രതിയാണ്. മോഷണ മുതല്‍ ആഡംബര ജീവിതത്തിനാണ് ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 


പരപ്പയില്‍ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളനും പിടിയില്‍

കാസര്‍കോട്: പരപ്പയില്‍ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ നടുവില്‍ സ്വദേശി സന്തോഷാണ് വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ട്.

പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്, സപ്ലൈകോ എന്നിവിടങ്ങളിലും ബിരിക്കുളത്തെ കൂള്‍ബാറിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ച നടന്നത്. ഫാമിലി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മാത്രം അര ലക്ഷം രൂപയാണ് കവര്‍ന്നത്. കള്ളന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ നടുവില്‍ ബേക്കുന്ന് കവല സ്വദേശി തൊരപ്പന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് പിടിയിലായത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

എട്ടേകാലോടെ പുതുപ്പള്ളിയിൽ ആദ്യ ഫലസൂചന, 2 മണിക്കൂറിൽ സമ്പൂർണ ഫലം

YouTube video player