Asianet News MalayalamAsianet News Malayalam

അനധികൃത കുന്നിടിക്കലും മണൽ കടത്തും; എട്ട് ടിപ്പർ ലോറികള്‍ പിടിച്ചെടുത്തു

പുലർച്ചെ രണ്ടിനാണ് നാഗലശ്ശേരി വാവനൂരിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തത്.

illegal mining eight lorry seized by palakkad sub collector
Author
Palakkad, First Published Aug 31, 2020, 12:04 AM IST

പാലക്കാട്: ഓണാഘോഷങ്ങൾ മറയാക്കി പാലക്കാട്ടെ മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃത കുന്നിടിക്കലും മണൽ കടത്തും. പട്ടാമ്പി നാഗലശ്ശേരിയിൽ കുന്നിടിച്ച് മണ്ണും പുഴ മണലും കടത്തുകയായിരുന്ന എട്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവും ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി

പുലർച്ചെ രണ്ടിനാണ് നാഗലശ്ശേരി വാവനൂരിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തത്. മണ്ണ് ഖനനം ചെയ്ത് തൃശൂർ ജില്ലയിലേയ്ക്ക് കടത്തുന്നതിനിടയിലാണ് വാഹനങ്ങൾ പിടികൂടിയത്. തിരുമിറ്റക്കോട് പമ്പ് ഹൗസിന് സമീപത്തെ പുഴയിൽ നിന്നും മണൽ കയറ്റി വരുന്നതിനിടെയാണ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് അനധികൃത മണൽ കടത്ത് കണ്ടെത്തിയത്. നിയമാനുസൃത രേഖകളില്ലാതെ കുന്നിടിച്ച് മണ്ണ് കടത്തിയതിന് സ്ഥലമുടമയിൽ നിന്നും വാഹന ഉടമകളിൽ നിന്നും സബ് കലക്ടർ വിശദീകരണം തേടി. മണൽ ലോറി സർക്കാരിലേക്ക് കണ്ടു കെട്ടുന്നതിനും ഡ്രൈവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതിനും ജിയോളജി വകുപ്പിന് നിർദ്ദേശം നൽകിയതായി സബ് കലക്ടർ അറിയിച്ചു. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആലത്തൂർ, വടക്കഞ്ചേരി മേഖലകളിലും ഭൂമാഫിയ വ്യാപകമായി മണ്ണ് കടത്തുന്നുണ്ട്. രാത്രി 11 മുതൽ പുലർച്ചെവരെയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. നേരത്തെ കണ്ണമ്പ്ര പഞ്ചായത്തിലെ വലുപ്പറമ്പ് നെല്ലാനിക്കാട് എന്നിവിടങ്ങളിൽ വയലുകൾ വ്യാപകമായി മണ്ണിട്ട് നികത്താൻ ശ്രമിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios