പെരുമ്പാവൂര്‍: ലൈസൻസ് ഇല്ലാത്ത പിസ്റ്റൾ കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി അനസിനെ റിമാന്‍ഡ് ചെയ്തു. മംഗലാപുരം ഉണ്ണിക്കുട്ടൻ വധക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനസ്. എന്നാൽ പെരുമ്പാവൂര്‍ സിഐയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് തനിക്കെതിരെ കേസെടുക്കാൻ കാരണമെന്ന് അനസ് ആരോപിച്ചു. 

ഇതിനിടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ അനസ് കുഴഞ്ഞുവീണു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ അനസിനെ പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. കിടക്കയിൽ ഒളിപ്പിച്ച നിലയിലാണ് പിസ്റ്റൽ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

പിസ്റ്റൽ കൈവശം വച്ചത് സ്വയരക്ഷയ്ക്കാണെന്നും മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ട ഉണ്ണിക്കുട്ടനാണ് തനിക്ക് പിസ്റ്റൽ തന്നതെന്നുമാണ് അനസ് പൊലീസിന് നൽകിയ മൊഴി. ഇതിനിടെ പെരുന്പാവൂര്‍ സിഐ ഫൈസലും അനസും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിന്റെ ഓഡിയോ സംഭാഷണം അനസുമായി ബന്ധപ്പെട്ടവർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനസ് തന്നെ ആരോപണം ആവര്‍ത്തിക്കുന്നത്

എന്നാൽ അനസിന്റെ ആരോപണത്തെ തള്ളുകയാണ് പെരുമ്പാവൂർ പൊലീസ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയുധ നിയമപ്രകാരമാണ് അനസിനെതിരെ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.