Asianet News MalayalamAsianet News Malayalam

നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിന് ക്രൂരമര്‍ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നല്‍കിയതിനെന്ന് ആരോപണം

ജില്ലാ കളക്ടറിന് പരാതി നല്‍കിയതിന് ശേഷം അധികൃതര്‍ പരിശോധന നടത്തുകയും മണ്ണ് മാഫിയ സംഘത്തിന്റെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മര്‍ദനമെന്ന് യുവാവ് പറയുന്നു.

Illegal soil minors brutally beat a youth who complained against them afe
Author
First Published Sep 16, 2023, 3:52 AM IST

പാലക്കാട്: പാലക്കാട് ചാലിശ്ശേരിക്ക് സമീപം പടിഞ്ഞാറങ്ങാടിയിൽ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് തൃത്താല പോലീസ് കേസെടുത്തു. പടിഞ്ഞാറങ്ങാടി സ്വദേശി  അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷമീറിനാണ് (37) ക്രൂരമർദ്ദനം ഏറ്റത്. പടിഞ്ഞാറങ്ങാടി കവലയിലായിരുന്നു സംഭവം. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷമീര്‍ പറഞ്ഞു.

മുഹമ്മദ് ഷമീര്‍ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തിയ ശേഷം ആറംഗ അംഗ സംഘം മർദ്ദിക്കുകയായിരുന്നു. പടിഞ്ഞാറങ്ങാടി സ്വദേശികളായ അൽ ബാസ്റ്റിൻ റാഫി, ജാഫർ, മുഹമ്മദ് അലി, ഷബീർ അലി, മാധവൻ, നൗഷാദ് എന്നിവർക്കെതിരെയാണ് തൃത്താല പോലീസ് വധശ്രമത്തിന് കേസെടുത്തത്. അനധികൃത മണ്ണ് മാഫിയാ സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് മുഹമ്മദ് ഷമീർ പറഞ്ഞു. കാറിന്റെ സൈഡ് ഗ്ലാസ് ഇടിച്ച് തകർത്ത അക്രമികൾ യുവാവിനെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. 

Read also: ഒരുമിച്ചിരുന്ന് മദ്യപിച്ച സംഘം കൂട്ടത്തിലൊരാളെ വെട്ടിക്കൊന്നു; സ്ത്രീകളെ ശല്യം ചെയ്തതിലെ വൈരാഗ്യമെന്ന് മൊഴി

കപ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം അതിരൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമീറും പിതാവും ജില്ലാ കളക്ടർക്കു പരാതി നൽകുകയും തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അനധികൃത മണ്ണ് കടത്ത് സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മുൻപ് രണ്ട് തവണ മണ്ണ് മാഫിയാ സംഘം യുവാവിനെ മർദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസമേറ്റ മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch video

Follow Us:
Download App:
  • android
  • ios