ചെന്നൈ: ട്രെയിന്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്ന 33 പേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഇവരില്‍ നിന്ന് മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ പിടിച്ചെടുത്തു.

വ്യാജപേരുകളില്‍ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്തിരുന്നത്. പിന്നീട് ഏജന്‍സികള്‍ കേന്ദ്രീകരിച്ചും വാട്ടസാപ്പ് ഗ്രൂപ്പുകളിലൂടെയും ആവശ്യക്കാരെ കണ്ടെത്തിയും കൂടിയ വിലയ്ക്ക് വില്‍ക്കും. ചെന്നൈ, മധുര, തിരുച്ചിറപ്പിള്ളി, സേലം ഉള്‍പ്പടെ ആറ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 

യാത്രാ തീയതി കഴിഞ്ഞ 271 ടിക്കറ്റടക്കം 1787 ടിക്കറ്റുകള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. ടിക്കറ്റ് എടുക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടര്‍, പ്രിന്‍റര്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ എന്നിവയും പിടിച്ചെടുത്തു.

കഴിഞ്ഞ ജൂണില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായ ടിക്കറ്റ് വില്‍പ്പന നടത്തിയ 28  പശ്ചിമബംഗാള്‍ സ്വദേശികളെ പിടികൂടിയിരുന്നു. അനധികൃതമായി ടിക്കറ്റ് ബുക്ക് ചെയ്ത് വില്‍ക്കുന്നത് പതിനായിരം രൂപയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.