മുംബൈ: സമാന്തര ടെലിഫോണ്‍ എക്സേഞ്ച് നടത്തി കോടികള്‍ തട്ടിയ പാലക്കാട് സ്വദേശിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാജ്യന്തര ഫോണ്‍ കോളുകള്‍ വഴിമാറ്റി കോടികള്‍ തട്ടിയിരുന്ന സംഘത്തിലെ ഹിലാല്‍ മുഹമ്മദ് കുട്ടിയെന്ന 34കാരനെയാണ് മുംബൈ ക്രൈംബ്രാഞ്ച് മലപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. 

ആര്‍മി ഇന്‍റലിജന്‍സ് വിഭാഗവും മുംബൈ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈന സ്വദേശിനി അഷിലയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കിയത് എന്നും അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ സംഘത്തിലെ ഇന്ത്യയിലെ കണ്ണിയാണ് ഹിലാല്‍ എന്നുമാണ് മുംബൈ പൊലീസ് പറയുന്നത്.

ചങ്ങരംകുളവും ഉത്തര്‍പ്രദേശിലെ നോയിഡയും ആസ്ഥനമാക്കിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ഫോണ്‍ കോളുകള്‍ വഴിമാറ്റാന്‍ ഉപയോഗിച്ചിരുന്ന സെര്‍വര്‍ ചൈനയിലാണ് എന്നാണ് സൂചന. വിദ്യാഭ്യാസത്തിന് ശേഷം എട്ട് വര്‍ഷം യുഎഇയില്‍ ജോലി ചെയ്ത ഹിലാല്‍ അവിടെ വച്ചാണ് ചൈനീസ് സ്വദേശിയെ പരിചയപ്പെട്ടതും ഈ സംഘത്തിന്‍റെ ഭാഗമായതും എന്നാണ് പൊലീസ് പറയുന്നത്.