നാഗർകോവിൽ : അവിഹിതത്തിന് തടസ്സമായ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ നോക്കിയ ഭാര്യയും കൂട്ടാളികളും പിടിയില്‍. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപ്പാപുരം  സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ  ഭാര്യ ഗായത്രി (35), നെയ്യൂർ സ്വദേശി കരുണാകരൻ (46) കുരുന്തൻകോട് സ്വദേശി വിജയകുമാർ(45) എന്നിവരെയാണ് വടശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവദിവസം രാത്രി  ഭാര്യയും കുഞ്ഞുമൊത്ത്  കിടപ്പുമുറിയിൽ ഉറങ്ങി ക്കിടക്കുകയായിരുന്ന ഗണേശിനെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ 2 പേർ ആക്രമിക്കുകയുണ്ടായി. ഗണേശിന്റെ നിലവിളിച്ചതോടെ ആക്രമിസംഘം ഓടി മറഞ്ഞു. 

ഗുരുതര പരുക്കേറ്റ ഗണേശിനെ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടശ്ശേരി പൊലീസിൽ ഗണേശ് നൽകിയ പരാതി യെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.  

കാമുകനുമായുള്ള അവിഹിതബന്ധത്തിന് ത‌ടസ്സം നിന്ന  ഭർത്താവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന്  ഗായത്രി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ഗായത്രിയുടെ കാമുകന് ഇതില്‍ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.