കൊച്ചി: ഷോപ്പിങ് മാളിൽ തന്നെ അപമാനിച്ചവരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവനടി തിരിച്ചറിഞ്ഞു. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുകയും ചെയ്തു. മാളിൽ നിന്ന് മെട്രോ റെയിൽ വഴി റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതികൾ അയൽജില്ലകളിലേക്ക് കടന്നതായാണ് സൂചന.

യുവനടിയെ അപമാനിച്ചതിന്‍റെയും, പ്രതികളുടെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതികൾ ആരെന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇത് വരെയും പൊലീസിന് കിട്ടിയിട്ടില്ല. ഇതോടെയാണ് നടിയിൽ നിന്ന് കുറ്റക്കാരെന്ന് ഉറപ്പിച്ച ശേഷം പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടത്.

സെക്യൂരിറ്റിയെ കബളിപ്പിച്ച് തെറ്റായ വിവരങ്ങൾ നൽകിയാണ് പ്രതികൾ മാളിൽ കടന്നത്. സൂപ്പർമാർക്കറ്റിനുള്ളിൽ ദുരുദ്ദേശപരമായ രീതിയിൽ പ്രതികൾ നടിയെ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.  

മറ്റൊരു സ൦ഘത്തോടൊപ്പ൦ എന്ന തോന്നലുണ്ടാക്കി സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്ത് കടക്കുകയായിരുന്നു. സൂപ്പർ മാ൪ക്കറ്റിലെത്തിയ ഇവ൪ കടയിൽ നിന്ന് ഒന്നും വാങ്ങിയില്ല. നടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു സൂപ്പർ മാ൪ക്കറ്റിൽ ഇവരുടെ  പെരുമാറ്റം.

25 വയസ്സിന് താഴെ പ്രായമുള്ള രണ്ട് പേരിൽ ഉയരം കുറഞ്ഞ ആളാണ് ആദ്യം നടിയെ അപമാനിച്ചത്. പിന്നീടാണ് ഇയാൾ രണ്ടാമനെയും കൂട്ടി വീണ്ടും എത്തി മോശമായി പെരുമാറിയത്. സംഭവം നടന്ന വ്യാഴാഴ്ച രാത്രി 7.10 ന് ശേഷം ഇരുവരും മാളിനോട് ചേർന്ന ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് സൗത്ത് മെട്രോ സ്റ്റേഷനിലിറങ്ങി. 

8.30ഓടെ സൗത്ത് റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതികൾ വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനിൽ കയറിയാണ് കൊച്ചി വിട്ടതെന്നാണ് വിവരം. അന്വേഷണം അയൽജില്ലകളിലേക്ക് കൂടി വിപുലപ്പെടുത്തിയ സാഹചര്യത്തിൽ ദൃശ്യങ്ങൾ പുറത്ത് വിടുന്നത് വഴി കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. 

അതേസമയം സ്വമേധയാ കേസെടുത്ത് നടപടികൾ തുടരുന്ന പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രത്യേക പരാതി നൽകുന്നില്ലെന്നും നടിയുടെ കുടുംബം അറിയിച്ചു. യുവനടി മൂന്ന് ദിവസത്തിനുള്ളിൽ കൊച്ചിയിൽ മടങ്ങീ എത്തുമെന്നാണ് വിവരം.