കൊച്ചി: കൊവിഡ് മുക്തയായ യുവതിയെ കൊച്ചിയിലെ ഹോസ്റ്റലിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ പൊലീസ് ഹോസ്റ്റൽ ഉടമയിൽ നിന്ന് മൊഴിയെടുക്കും.  യുവതിയുടെ ഒപ്പം മേരി ക്വീൻസ് ഹോസ്റ്റലിൽ താമസിക്കുന്ന മൂന്ന് പേരെയും പൊലീസ് വിവരങ്ങൾ ചോദിച്ചറിയാൻ  സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.  

യുവതിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ്  അന്വേഷണം തുടങ്ങിയത്. പൊലീസ് ഇന്നലെ യുവതിയിൽ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. കൊവിഡ് നെഗറ്റീവായി ക്വാറന്റീൻ പൂർത്തിയാക്കിയ കൊല്ലം സ്വദേശിയായ യുവതിയെ ഉടമ ഹോസ്റ്റലില്‍ താമസിപ്പിക്കാൻ തയ്യാറായില്ലെന്നാണ് പരാതി.

കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവിലിറങ്ങേണ്ടി വന്നത്. സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ കൊവിഡ് പരിശോധനയില്‍ യുവതിയും കൊവിഡ് പൊസിറ്റീവായി. 

ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗമുക്തയായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു.

കൊവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് യുവതി. എന്നാല്‍, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവന്‍ സമയം ഹോസ്റ്റല്‍ മുറിയില്‍ ചെലവഴിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു കടവന്ത്രയിലെ മേരി ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയുടെ പ്രതികരണം.