മുംബൈ: പുറത്തിറങ്ങാത്ത 20 രൂപയുടെ രണ്ട് നാണയങ്ങള്‍ മോഷ്ടിച്ച മിന്‍റ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.  കേന്ദ്രസർക്കാരിന് കീഴിലുള്ള മുംബൈയിലെ മിന്റിൽനിന്നാണ് ജീവനക്കാരന്‍ നാണയങ്ങള്‍ മോഷ്ടിച്ചത്. പുറത്തിറക്കാത്ത 20 രൂപയുടെ പുതിയ  രണ്ട് നാണയങ്ങൾ ലോക്കറിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ചൗബുക്സാർ എന്ന ജീവനക്കാരനെതിരേ പൊലീസ് കേസെടുത്തത്. 

ഇയാൾ ലോക്കറിൽ എന്തോ ഒളിപ്പിച്ചതായി  മിന്റിലെ സി.ഐ.എസ്.എഫ്. സബ് ഇൻസ്പെക്ടർക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ്  ചൗബുക്സാറിന്റെ ലോക്കറിൽനിന്ന് കണ്ടെത്തിയത്.

പുതിയ നാണയങ്ങൾ കൗതുകത്തിന്റെ പുറത്ത് മോഷ്ടിച്ചതായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 2020 ഏപ്രിലിൽ പുതിയ നാണയം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം നീട്ടിവെയ്ക്കുകയായിരുന്നു. മിന്റിൽ പ്രവേശിക്കുമ്പോഴും  പുറത്തിറങ്ങുമ്പോഴും ദേഹപരിശോധന അടക്കമുള്ളതിനാൽ നാണയം പുറത്തേക്ക് കൊണ്ട് പോകാനായില്ലെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് ഭീഷണി കാരണം ഇയാളെ അറസ്റ്റ്  അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും മുംബൈ എം.ആർ.എ. മാർഗ് പൊലീസ് അറിയിച്ചു.