തമാശക്കുവേണ്ടിയാണ് മോഷണം നടത്തിയതെന്നും വളരെ കാലമായി ഇത്തരത്തില്‍ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്നും ചൗള പൊലീസിനോട് സമ്മതിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സുഹൃത്തും മുന്‍ ബിസിനസ് പങ്കാളിയുമായ ഇന്ത്യന്‍ വംശജന്‍ വിമാനത്താവളത്തില്‍നിന്ന് ലഗേജ് മോഷ്ടിച്ച കേസില്‍ അറസ്റ്റില്‍. ഹോട്ടല്‍ വ്യവസായി ദിനേഷ് ചൗളയാണ് യുഎസിലെ മെംഫിസ് എയര്‍പോര്‍ട്ടില്‍നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തു. 

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. മെംഫിസ് എയര്‍പോര്‍ട്ടില്‍ ബാഗേജില്‍നിന്ന് തന്‍റെ ലഗേജാണെന്ന് അവകാശപ്പെട്ട് ദിനേഷ് ചൗള സ്യൂട്കേസ് മോഷ്ടിച്ച് സ്വന്തം കാറില്‍ കൊണ്ടുപോയി വെച്ചതിന് ശേഷം വിമാനത്തില്‍ യാത്ര തിരിച്ചു. എന്നാല്‍, സ്യൂട്കേസിന്‍റെ യഥാര്‍ത്ഥ ഉടമ എത്തിയതോടെയാണ് സംഭവം വെളിച്ചത്തായത്. കാറില്‍ പരിശോധന നടത്തിയ പൊലീസിന് സ്യ‍ൂട്കേസും ഒരുമാസം മുമ്പ് കാണാതായ മറ്റൊരു സ്യൂട്കേസും ലഭിച്ചു.

ചൗള മോഷ്ടിച്ച സ്യൂട്കേസില്‍ 4000 ഡോളര്‍ വിലവരുന്ന സാധനങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ചൗള കുറ്റം സമ്മതിച്ചു. തമാശക്കുവേണ്ടിയാണ് മോഷണം നടത്തിയതെന്നും വളരെ കാലമായി ഇത്തരത്തില്‍ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്നും ചൗള പൊലീസിനോട് സമ്മതിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ക്ലീവ്ലാന്‍ഡില്‍ ഹോട്ടല്‍ ശൃംഖല നടത്തുന്ന വന്‍ വ്യവസായിയാണ് ദിനേഷ് ചൗളയും സഹോദരനായ സുരേഷ് ചൗളയും. ഫെബ്രുവരി വരെ ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചായിരുന്നു ബിസിനസ്. ഫെബ്രുവരിയിലാണ് ഡെമോക്രാറ്റുകള്‍ അധിക്ഷേപിച്ചെന്ന് പറഞ്ഞ് ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ബിസിനസ് ബന്ധം അവസാനിപ്പിച്ചത്. ദിനേഷ് ചൗളയുടെ പിതാവ് വി കെ ചൗളയുമായി ഡോണള്‍ഡ് ട്രംപിന്‍റെ പിതാവിനും ഡോണള്‍ഡ് ട്രംപിനും നല്ല ബന്ധമായിരുന്നു.