ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും അയര്‍ലണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍. കര്‍ണാടക സ്വദേശിനിയായ മുപ്പത്തിയേഴുകാരിയും രണ്ട് കുട്ടികളുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൈസുരുവില്‍ നിന്നുള്ള സീമാ ഭാനു സൈദ്, മക്കളായ പതിനൊന്നുകാരി ആസഫിറ, ആറുവയസുകാരന്‍ ഫൈസാന്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

അയര്‍ലണ്ടിലെ സൌത്ത് ഡബ്ലിനിലാണ് സംഭവം. ലിവെല്ലന്‍ കോര്‍ട്ട് എന്ന സ്ഥലത്തെ ഇവരുടെ വീട്ടിലാണ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തുന്നതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് വിശദമാക്കുന്നതെന്നാണ് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സീമയേയും മക്കളേയും കുറച്ച് ദിവസങ്ങളായി പുറത്തേക്ക് കാണുന്നില്ലെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് വീടുതുറന്ന് പരിശോധിച്ചത്. ഇവരെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിലെ പൈപ്പുകള്‍ തുറന്നിട്ടാണ് അക്രമി പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരുവര്‍ഷത്തിന് മുന്‍പാണ് സീമയും കുടുംബവും ഇവിടെയെത്തുന്നത്. ഭര്‍ത്താവ് സമീര്‍ സയ്യിദിന് ഇവിടെ ജോലി ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. 

ജോലി സംബന്ധമായി സമീര്‍ പുറത്ത് പോയ സമയത്താണ് കൊലപാതകം. വീട്ടില്‍ ഇല്ലാതിരുന്ന ഇയാളെ കുടുംബത്തിന് സംഭവിച്ച അപകടം അറിയിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. മുപ്പത് വയസ് പ്രായമുള്ള വ്യക്തിയെയാണ് സംഭവത്തില്‍ പൊലീസ് തിരയുന്നത്. ഇയാളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ ചിത്രവും ഐറിഷ് പൊലീസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.