ഇന്‍ഡോര്‍: പീഡനക്കേസ് പ്രതിക്ക് ജാമ്യത്തിനായി വിചിത്ര നിര്‍ദ്ദേശവുമായി കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. രക്ഷാബന്ധന്‍ ദിവസത്തില്‍ പീഡിപ്പിക്കപ്പെട്ട പരാതിക്കാരിയായ യുവതിയേക്കൊണ്ട് രാഖി കെട്ടിക്കണമെന്നാണ് പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാനായി കോടതി നല്‍കിയ ഉപാധി. വരാനിരിക്കുന്ന എല്ലാ കാലങ്ങളിലും പരാതിക്കാരിയെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഉപാധിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

പരാതിക്കാരിയായ യുവതിക്ക് പണം നല്‍കണമെന്നും വിക്രം ബാര്‍ഗിയെന്നയാളോട് കോടതി നിര്‍ദ്ദേശിച്ചത്. സഹോദരി സഹോദരന്മാര്‍ക്ക് ഇടയില്‍ നടക്കുന്ന രാഖി ചടങ്ങില്‍ 11000 രൂപ നല്‍കണമെന്നും കോടതി വിശദമാക്കുന്നു. ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിള്‍ ബഞ്ചിന്‍റേതാണ് തീരുമാനം. വിചിത്രമായ ഉത്തരവിന് പിന്നാലെ ഓഗസ്റ്റ് മൂന്നിന് രാവിലെ പതിനൊന്ന് മണിയോടെ വിക്രം ബാര്‍ഗി ഭാര്യയോടൊപ്പം പരാതിക്കാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും കോടതി  അറിയിച്ചതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. 

മുപ്പതുകാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചതാണ് വിക്രമിനെതിരായ കുറ്റം. ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ഉജ്ജയിനില്‍ ഏപ്രില്‍ 20നാണ് പരാതിക്കിടയാക്കിയ സംഭവം. പരാതിക്കാരിയുടെ മകന് വസ്ത്രവും മധുരപലഹാരവും വാങ്ങാനായി 5000 രൂപ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.