ഇൻഡോർ: മധ്യപ്രദേശിലെ പ്രശസ്ത റിസോർട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയർ അഭിഷേക് സക്സേന, ഭാര്യ പ്രീതി സക്‌സേന എന്നിവരെയും ഇരട്ട സഹോദരങ്ങളായ മക്കൾ അദ്വൈത്, അനന്യ എന്നിവരെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയോടെയാണ് നാലംഗ കുടുംബം റിസോർട്ടിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ കുടുംബം  പ്രാതൽ കഴിക്കാൻ മുറിക്ക് പുറത്തിറങ്ങിയില്ല. അസ്വാഭാവികത തോന്നിയ റിസോർട്ട് ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോൾ നാല് പേരും മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫോറൻസിക് സംഘം ഇവർ താമസിച്ചിരുന്ന മുറിയിൽ പരിശോധന നടത്തി. മുറിയിൽ നടത്തിയ പരിശോധനയിൽ സോഡിയം നൈട്രേറ്റ് കണ്ടെത്തിയതോടെ മരണം ആത്മഹത്യയാകാമെന്ന് പൊലീസ് സംശയിച്ചു. 

അഭിഷേകിന്റെയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോൺ ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷം അഭിഷേകിന്റെയും പ്രീതിയുടെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് ചൂതാട്ടത്തിലെ വൻ കടക്കെണിയെ തുടർന്നുള്ള ആത്മഹത്യയാണിതെന്ന് പൊലീസിന് വ്യക്തമായത്.

ഓൺലൈൻ ചൂതാട്ടത്തിലെ വൻ കടബാധ്യതയാണ് അഭിഷേകിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ വലിയ തുകയാണ് അഭിഷേകിന് ഇതിലൂടെ നഷ്‌ടമായത്. 

ആത്മഹത്യ ചെയ്യാനുള്ള സോഡിയം നൈട്രേറ്റും ഓൺലൈനിലൂടെയാണ് ഓർഡർ ചെയ്തതെന്നും പൊലീസ് കണ്ടെത്തി. മുറിയിൽ നിന്ന് കണ്ടെത്തിയ സോഡിയം നൈട്രേറ്റ് ഇതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.