ബലോദ്: ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ സിഗരറ്റ് കുറ്റികൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും കുഞ്ഞിന്റെ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്ത പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ ബലോദ് ജില്ലയിലാണ് സംഭവം. കോണ്‍സ്റ്റബിള്‍ അവിനാഷ് റായി എന്നയാളാണ് അറസ്റ്റിലായതെന്ന് ബലോദ് എസ്പി ജിതേന്ദ്ര സിംഗ് മീണ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

സ്ഥലം മാറ്റം ലഭിച്ച് ബലോദിലേക്ക് എത്തിയ കോണ്‍സ്റ്റബിള്‍ ഇരകളുടെ വീട്ടിലായിരുന്നു താമസിച്ചത്. നാഗ്പൂരിലാണ് യുവതിയുടെ ഭര്‍ത്താവ്. യുവതി പൊലീസുകാരനില്‍ നിന്ന് കുറച്ച് പണം കടം വാങ്ങിയിരുന്നു. ഒക്ടോബര്‍ 24ന് പണം തിരികെ വാങ്ങാന്‍ എത്തിയ പൊലീസുകാരന്‍ പിന്നീട് അവിടെ താമസമാക്കി. വ്യാഴാഴ്ച രാത്രി കുഞ്ഞിനോട് അച്ഛാ എന്ന് വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. കുട്ടി വിളിക്കാതായതോടെ സിഗരറ്റ് കുറ്റികൊണ്ട് മുഖത്ത് പൊള്ളിച്ചു. തടയാനെത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു.