കൊച്ചി: വിമാനവാഹിനി കപ്പലിലെ മോഷണക്കേസ് പ്രതികളെ കൊച്ചിയിലെത്തിച്ചു. ബിഹാർ സ്വദേശി ടി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം ഷിൻകരി എന്നിവരെയാണ് എൻഐഎ കൊച്ചിയിലത്തിച്ചത്. ഇന്നലെയാണ് ഇവരെ എൻഐ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനിയുടെ കരാർ ജീവനക്കാരായി കപ്പലില്‍ പെയിന്റിംഗ് ജോലിക്കെത്തിയതായിരുന്നു ഇരുവരും. 

5 മൈക്രോ പ്രോസസറുകളും 10 റാം ചിപ്പും 5 ഹാര്‍ഡ് ഡിസ്കുമായിരുന്നു ഇരുവരും മോഷ്ടിച്ചത്. കപ്പലിലെ മള്‍ട്ടി ഫംഗ്ഷണല്‍ കണ്‍സോളില്‍നിന്നായിരുന്നു ഇവ തട്ടിയെടുത്തത്. ഇതില്‍ 2 ഹാര്‍ഡ് ഡിസ്കുകളുൾപ്പെടെ ചില ഉപകരണങ്ങള്‍ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവക്കായി ബിഹാര്‍, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ് എൻഐഎ. 

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തിൽനിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവ മോഷണം പോയത്. തുടര്‍ന്ന് എൻ ഐ എ കേസ് ഏറ്റെടുത്തു. കപ്പല്‍ നിര്‍മ്മാണത്തിന് എത്തിയവരുള്‍പ്പെടെ 5000 പേരുടെ വിരലടയാളം പരിശോധിച്ച ശേഷമാണ് എൻഐഎക്ക് പ്രതികളെ പിടികൂടാനായത്.