ദില്ലി: ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ 48 കോടിയോളം വില മതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്‍മാറില്‍ നിന്നുള്ള സ്ത്രീയുമാണ് പിടിയിലായ വിദേശികള്‍. 

കൊറിയര്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന് കള്ളക്കടത്ത് നടത്തി വന്നിരുന്നത്. ഈ മാസമാദ്യം കൊറിയര്‍ വഴിയെത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്‌സല്‍ എന്‍സിബി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വന്‍ മയക്ക് മരുന്ന് സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. ഇതോടെ മയക്കുമരുന്ന് വ്യാപാര  കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്‌സല്‍ പകരമയച്ച് കെണിയൊരുക്കുകയായിരുന്നു.

ഡമ്മി പാഴ്സല്‍ കെണി മഹിപാല്‍പുരിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്ന വാഹിദ്, മൊഹ്‌സിന്‍, ഷാജഹാന്‍, ഹനീഫ്,  മുന്നസിര്‍ എന്നിവരിലേക്ക്  എന്‍സിബി സംഘത്തെ എത്തിച്ചു. ഇവരില്‍ നിന്നാണ് ആഫ്രിക്കന്‍ സ്വദേശിയിലേക്ക് അന്വേഷണം എത്തിയത്. ഇവര്‍ പാഴ്സല്‍ കൈമാറിയത് ആഫ്രിക്കന്‍ സ്വദേശിക്കായിരുന്നു. പാഴ്‌സല്‍ ശേഖരിക്കാനെത്തിയ മ്യാൻമാർ യുവതിയിലൂടെയാണ് സംഘം  ആഫ്രിക്കക്കാരനിലെത്തിയത്. പിടിയിലായ മ്യാൻമാർ യുവതി ആഫ്രിക്കന്‍ സ്വദേശിയ്ക്ക് വേണ്ടി വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും  ഉപയോഗിച്ചിരുന്നതായി എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.