ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാനായി ഇന്‍റര്‍പോള്‍ രാജ്യങ്ങളുടെ സഹായം തേടി. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഇന്‍റര്‍പോളിനെ അറിയിക്കണമെന്ന് ഇന്‍റര്‍പോള്‍ അറിയിച്ചു. ഗുജറാത്ത് പൊലീസിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം നിത്യാനന്ദ പുറത്തുവിട്ട വീഡിയോയില്‍ സ്ഥലം വ്യക്തമായിരുന്നില്ല.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇദ്ദേഹത്തോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല.ഇക്വഡോറില്‍ ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ ഇക്വഡോറില്‍ ഇല്ലെന്നും ഇയാളുടെ അപേക്ഷ തള്ളിയെന്നും ഹെയ്തിയിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു. ഇക്വഡോറില്‍ ദ്വീപ് വാങ്ങി കൈലാസമെന്ന പ്രത്യേക കേന്ദ്രമാക്കിയെന്ന വാര്‍ത്തയും അവര്‍ നിരസിച്ചു.

നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലാണ് ഗുജറാത്ത്, കര്‍ണാടക പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഗുജറാത്തില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തന്‍റെ ആശ്രമത്തില്‍ പാര്‍പ്പിച്ചിരുന്നതായും നിത്യാനന്ദക്കെതിരെ കേസുണ്ട്. അറസ്റ്റിന്‍റെ വക്കിലെത്തിയപ്പോള്‍ നിത്യാനന്ദയും സഹായിയും രാജ്യം വിടുകയായിരുന്നു. 2010ല്‍ ബലാത്സംഗ കേസില്‍ ഹിമാചല്‍പ്രദേശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബറില്‍ ഇയാളുടെ പാസ്പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കുകയും പുതിയതിനുള്ള അപേക്ഷ നിരസിക്കുയും ചെയ്തു. തന്നെ ഒരാള്‍ക്കും തൊടാനാകില്ലെന്നാണ് അവസാന വീഡിയോയില്‍ നിത്യാനന്ദ വ്യക്തമാക്കിയത്.