തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണിൻറെ ദുരൂഹമരണത്തിലെ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. മൃതദേഹത്തിൻറെ വിരല്‍ അടയാളം പോലും പ്രാഥമിക ഘട്ടത്തിൽ പേരൂർക്കട പൊലീസ് ശേഖരിച്ചില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കുറവൻകോണത്തുള്ള വീട്ടിൻറെ അടുക്കളയിലാണ് തിങ്കളാഴ്ച വൈകുന്നേരം ജാഗിയുടെ മൃതദേഹം കണ്ടെത്തിയത്. അടുത്ത ദിവസമാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. പ്രാഥമിക ഘട്ടത്തിൽ തന്നെ മൃതദേഹം കണ്ടെത്തിയ മുറിക്കുള്ളിൽ നിന്നും വീടിന്‍റെ പരിസരത്തുനിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണസംഘത്തിന് ഗുരുതര പിഴവ് സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. 

മണിക്കൂറുകള്‍ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും വിരൾ അടയാളമോ, ശാസ്ത്രീയ തെളിവുകളോ ശേഖരിച്ചില്ല. ഫൊറൻസിക് വിദഗ്ദരുടെ സാന്നിധ്യത്തിലാണ് മുറികളും അലമാരയുമൊക്കെ പരിശോധിക്കേണ്ടിയിരുന്നത്. പക്ഷെ ഫൊറൻസിക് സംഘമില്ലാതെ പൊലീസ് പരിശോധിച്ചു. നിരവധിപ്പേർ കയറിയിറങ്ങിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിനുള്ളിൽ ഫൊറൻസിക് സംഘത്തെ പരിശോധിക്കായി പേരൂർക്കട എസ്ഐ വിളിച്ചതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 

അവതാരകയും ഗായികയുമായ ജാഗീ ജോൺ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്നതിന് മുമ്പാണ് ജാഗിയുടെ വിരൽ അടയാളം പോലും ശേഖരിച്ചത്. ജാഗിയുടെ തലക്കു പിന്നിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ട് റിപ്പോർട്ട്. കഴുത്തിന്‍റെ എല്ലിന് ഒടിവുണ്ടായിട്ടുണ്ട്. പിടിച്ചു തള്ളിയതുകൊണ്ടോ, ശക്തമായ തടയിടിച്ച് വീണതുകൊണ്ടോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് ഡോക്ടർമാരുടെ നിഗമനം. പക്ഷെ ദുരൂഹതകളൊന്നും ഇതുവരെയില്ലെന്നും, വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമാണ് അന്തിമ നിഗമനത്തിലേക്ക് കടക്കാവൂ എന്നാണ് പേരൂർക്ക പൊലീസ് ഇപ്പോഴും പറയുന്നത്.