ബസിനുള്ളിൽ നടന്ന അക്രമത്തിന്‍റെ വീഡിയോ ആണ് ഞാൻ പകർത്തിയത്. പുറത്ത് നടക്കുന്ന സംഭവങ്ങൾ വിൻഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാൻ ഭയമായിരുന്നു. കാരണം ഞാൻ ഇരിക്കുന്നതിന്‍റെ തൊട്ടടുത്ത് കല്ലട ബസ് ജീവനക്കാർ നിൽപ്പുണ്ടായിരുന്നു.
തിരുവനന്തപുരം: സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം പുറം ലോകത്തെ അറിയിച്ചത് ജേക്കബ് ഫിലിപ് എന്ന യുവാവാണ്. മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാർ ബസിന് ഉള്ളിലിട്ട് ക്രൂരമായി മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ജേക്കബ് ഫിലിപ്പായിരുന്നു. വഴിയിൽ ബസ് നിർത്തി ജീവനക്കാരുടെ ഗുണ്ടകൾ ബസിനുള്ളിലേക്ക് കയറിവന്ന് യാത്രക്കാരെ മർദ്ദിക്കുകയായിരുന്നുവെന്ന് ജേക്കബ് ഫിലിപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജേക്കബ് ഫിലിപ്പിന്‍റെ വാക്കുകൾ.
"ഞാനായിരുന്നു ആ വീഡിയോ എടുത്തത്. ഞങ്ങൾ രാത്രി ഉറങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്. രാവിലെ നാലര മണിയോടെ ബഹളം കേട്ടാണ് ഉണർന്നത്. നേരത്തേ ബസ് ബ്രേക്ക് ഡൗണായി കിടന്നപ്പോൾ പകരം സംവിധാനത്തിനായി ചോദ്യം ചെയ്ത പിള്ളാരെ കുറേപേർ ബസിനുള്ളിലേക്ക് വന്ന് തല്ലാൻ തുടങ്ങി. ബസിന് പുറത്തും പത്തുപേരോളം നിൽക്കുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ആരെങ്കിലും അക്രമികളെ ചെറുക്കാൻ ശ്രമിച്ചാൽ സാഹചര്യം മോശമാകുമായിരുന്നു.
നേരത്തേ ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് പിള്ളാരെയും അവരെ പിന്തുണച്ച മറ്റൊരാളെയും അക്രമികൾ അടിച്ച് വെളിയിൽ ഇറക്കിവിട്ടു. ബസിന് പുറത്തിറക്കിയ അവരെ പിന്നെയും ഓടിച്ചിട്ട് അടിച്ചു. ചിലർ അക്രമികളെ തടയാൻ ശ്രമിക്കുന്നതും എന്നിട്ടും കൂട്ടം കൂടി അവർ യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുന്നതും ബസിനകത്തിരുന്ന് കാണാമായിരുന്നു. ബസിനുള്ളിൽ നടന്ന അക്രമത്തിന്‍റെ വീഡിയോ ആണ് ഞാൻ പകർത്തിയത്. പുറത്ത് നടക്കുന്ന സംഭവങ്ങൾ വിൻഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാൻ ഭയമായിരുന്നു. കാരണം ഞാൻ ഇരിക്കുന്നതിന്‍റെ തൊട്ടടുത്ത് കല്ലട ബസ് ജീവനക്കാർ നിൽപ്പുണ്ടായിരുന്നു. അവർ എന്നെ ആക്രമിക്കുകയോ എന്‍റെ ഫോൺ വാങ്ങി നശിപ്പിച്ചുകളയുകയോ ചെയ്തേനെ. ഇതിനിടെ പുറത്തിറങ്ങി പോകാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാർ അനുവദിച്ചില്ല. ഈ സംഭവം പുറം ലോകത്തെ അറിയിക്കാൻ ബസിൽ ഇരുന്നുതന്നെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു."
"
