ലക്നൗ: ബക്രീദിന് പുതിയ വസ്ത്രം വാങ്ങിനല്‍കാത്തതിന് ജയിലിലുള്ള ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ അമ്രോഹയിലെ മുര്‍ഷിദ എന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവ് ജയിലില്‍ നിന്നും മുത്തലാഖ് ചൊല്ലിയത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ.

"എന്‍റെ ഭര്‍ത്താവ് ജയിലിലാണുള്ളത്. ബക്രീദിന്‍റെ ദിവസം കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം തികയാതിരുന്നതിനാല്‍ എനിക്ക് അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രം വാങ്ങിനല്‍കാന്‍ സാധിച്ചില്ല. അതിന് ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം പറഞ്ഞ് പരസ്പരം വഴക്കുണ്ടാകുകയും ഭര്‍ത്താവ് ജയിലില്‍ വെച്ച് മുത്തലാഖ് ചെല്ലുകയുമായിരുന്നു". 

വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുമെന്നും  ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകക്കേസില്‍ 2014 മുതല്‍ ജയിലില്‍ കഴിയുകയാണ് മുര്‍ഷിദയുടെ ഭര്‍ത്താവ്. പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.